ചാവക്കാട്: ഓരോ ദിവസവും ചൂട് ശക്തമാകുനതിനെ തുടർന്ന് മത്സ്യ ക്ഷാമം രൂക്ഷമായി. തീരക്കടൽ ചൂടായി മീനുകൾക്ക് ജീവന് ഭീഷണിയായപ്പോൾ മത്സ്യങ്ങൾ കൂട്ടത്തോടെ ഉൾക്കടലിലേക്ക് പോയതാണ് ലഭ്യത കുറയാൻ കാരണമെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു.
25-30 കിലോമീറ്റർ ദൂരം പോയാൽ മീൻ ലഭിക്കുമായിരുന്നു. ഇപ്പോൾ അതിന്റെ ഇരട്ടി ദൂരം പോയാലും മീൻ കിട്ടുന്നില്ല. ഓരോ വർഷം പിന്നിടുമ്പോഴും പല കാരണത്താൽ മീൻ ലഭ്യത കുറയുകയാണ്.
ചൂട് കൂടിയതോടെ മീനുകൾ ആഴക്കടലിലേക്ക് അകം വലിഞ്ഞത് കടൽ തൊഴിലാളികൾക്ക് ദുരിതമായി. പതിവായി ലഭിക്കുമായിരുന്ന ചെറുമീനുകളൊന്നും ഇപ്പോൾ വള്ളക്കാർക്ക് ലഭിക്കുന്നില്ല. എൻജിൻ ഘടിപ്പിച്ച് പോകുന്ന ചെറുതും വലുതുമായ വള്ളത്തിലെ തൊഴിലാളികളും ബോട്ടിലെ തൊഴിലാളികളും നിരാശയിലാണ്.
ഉയർന്ന വിലയ്ക്ക് മണ്ണെണ്ണയും ഡീസലും വാങ്ങി കടൽപണിക്ക് പോയാൽ തിരിച്ച് വരുമ്പോൾ നഷ്ടത്തിന്റെ കണക്ക്. ദൂരെ പോയി മീൻ കിട്ടുമോയെന്ന അന്വേഷണത്തിന് വരുന്ന ഇന്ധനചെലവ് പുറമെ. കാലാവസ്ഥ വ്യതിയാനവും ഇടക്ക് വരുന്ന ജാഗ്രത മുന്നറിപ്പും മത്സ്യ ക്ഷാമത്തിന് കാരണമായി.
തൊഴിലാളികൾ പോയി, വലിയ മീനും കിട്ടാതായി ചാവക്കാട് തീരമേഖലയിൽ വലിയ മീനുകളുടെ സീസൺ കഴിഞ്ഞിട്ടില്ല. എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കുളച്ചൽ, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കൂട്ടമായി എത്തുന്നവരാണ് വലിയ മീനിന്റെ പിടുത്തക്കാർ . തമിഴ്നാട്ടിൽ വോട്ടെടുപ്പ് ദിവസമായപ്പോൾ കന്യാകുമാരി മേഖലയിൽ നിന്നുള്ള തൊഴിലായളികൾ നാട്ടിൽപ്പോയി.
കേരളത്തിലെ വോട്ടെടുപ്പു ദിവസം തെക്കൻ മേഖലയിൽ നിന്നുള്ള തൊഴിലാളികൾ ചാവക്കാട് തീരം വിട്ടു.നാട്ടിൽ പോയാൽ പിന്നെ കുറച്ച് ദിവസം കഴിഞ്ഞെതിരിച്ചെത്തുക. കള്ളക്കടൽ മുന്നറിയിപ്പും ഉയർന്ന തിരമാല ജാഗ്രതയും വന്നതോടെ തൊഴിലാളികളുടെ മടക്കയാത്ര നീണ്ടത് മത്സ്യ ക്ഷാമത്തിനും വിലക്കയറ്റത്തിനും മറ്റൊരു കാരണമായി.
തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാന ങ്ങളിൽനിന്ന് ലോറിക്ക് എത്തുന്ന മീനുകളുടെ വരവ് കുറഞ്ഞിട്ടുണ്ട്. ഇത് മത്സ്യമാർക്കറ്റിൽ ജോലി ചെയ്യുന്നവരേയും ചില്ലറ വിൽപ്പനക്കാരേയും ബാധിച്ചു. ഈസ്റ്റർ ആഘോഷത്തിനു ശേഷം വലിയ മീനുകളുടെ വില കുറഞ്ഞതായിരുന്നു. അത് വീണ്ടും കൂടി.
വിവാഹം, തിരുനാൾ എന്നിവയുടെ സീസണായതും മീൻ വില കുതിക്കാൻ കാരണമായി. വില നിലവാരം കിലോഗ്രാം: ബ്രാക്കറ്റിൽ സീസൺ വില. അറയ്ക്ക 1300- 1500 (500-700) തമ്മാൻ 400-700 (250-300) ആവോലി 750-900 (400-600) ചാള 300-350 (150-240) അയല 350 -400 (200-280) മാന്തൾ, വെളൂരി 280-350(150-200).
കെ.ടി. വിൻസെന്റ്