തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂർ പാണ്ഡ്യാലമുക്കിലെ വീടിന് മുന്നിൽ കഴിഞ്ഞ പത്തു വർഷമായി പ്രവർത്തിച്ചു വരുന്ന താത്കാലിക ‘ജീപ്പ് സ്റ്റേഷൻ’ മാറ്റാൻ നടപടി. സംസ്ഥാന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി ഉടൻ യോഗം ചേർന്ന് ഇക്കാര്യത്തിൽ കണ്ണൂർ പോലീസിന് നിർദേശം നൽകുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
യോഗത്തിന്റെ മിനിട്സ് ലഭിക്കുന്ന മുറയ്ക്ക് ജീപ്പ് അവിടെനിന്ന് മാറ്റാൻ കഴിയുമെന്നാണ് ഔദ്യോഗിക വിശദീകരണം. ഭരണമാറ്റം ഉണ്ടായതിന് പിന്നാലെയാണ്, വർഷങ്ങളായി ഇവിടെ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും അവർക്ക് ഏക ആശ്രയമായിരുന്ന ജീപ്പിനെക്കുറിച്ചുമുള്ള വാർത്തകൾ പുറത്തുവന്നത്.
പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് പിന്നാലെ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തിയാണ് വീടിന് മുന്നിൽ പോലീസ് കാവൽ ഏർപ്പെടുത്തിയത്. പോലീസുകാർക്ക് വിശ്രമിക്കാനും രേഖകൾ സൂക്ഷിക്കാനുമായി പിന്നീട് ഒരു ജീപ്പ് അവിടെ സ്ഥിരമായി ഇടുകയായിരുന്നു.
2014 മോഡൽ KL-01-BR-9569 ജീപ്പാണ് ഇതിനായി ഉപയോഗിക്കുന്നത്. നിലവിൽ ബാറ്ററി പോലുമില്ലാതെ കടുത്ത തകരാറിലായ ഈ വാഹനം കെട്ടിവലിച്ചു മാത്രമേ ഇനി കൊണ്ടുപോകാൻ സാധിക്കൂ. ഒരു ഗ്രേഡ് എസ്ഐയുടെ നേതൃത്വത്തിൽ എആർ ക്യാമ്പിലെ ആറ് പോലീസുകാരാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇവിടെ റസിഡന്റ് ജോലിക്കായുള്ളത്. ഒരേസമയം രണ്ട് പോലീസുകാർക്കും ഒരു എസ്ഐക്കുമാണ് ഡ്യൂട്ടി. പെരുമഴയത്തും കൊടുംചൂടിലും ഈ ജീപ്പിനകത്ത് ഊഴം വച്ച് 24 മണിക്കൂറും ഇരിക്കേണ്ടി വരുന്ന അവസ്ഥയിലാണ് ഇവർ.
ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ഒരു ശൗചാലയം പോലും ഇവിടെ ലഭ്യമാക്കിയിരുന്നില്ല. തുടക്കത്തിൽ തൊട്ടടുത്ത വീടുകളിലെ ശൗചാലയങ്ങളെ ആശ്രയിച്ചിരുന്ന ഇവർ, പിന്നീട് സമീപത്ത് ത്രിവേണി സൂപ്പർ മാർക്കറ്റ് തുറന്ന ശേഷമാണ് അവിടുത്തെ സൗകര്യം ഉപയോഗിക്കാൻ തുടങ്ങിയത്.
പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് പ്രതിപക്ഷ നേതാവായി മാറിയിട്ടും ഈ ജീപ്പും പൊലീസുകാരും അവിടെത്തന്നെ തുടരുകയായിരുന്നു. മാധ്യമ വാർത്തകൾക്ക് പിന്നാലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതോടെ, ജീപ്പ് മാറ്റുന്നതിനൊപ്പം പൊലീസുകാരുടെ ദീർഘനാളത്തെ കഷ്ടപ്പാടിനാണ് ഇപ്പോൾ അവസാനമാകുന്നത്.
