കോട്ടയം: ക്രിപ്റ്റോ കറന്‍സി ഇടപാടിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം നേരിടുന്ന യുകെ മലയാളിക്കെതിരേ അന്വേഷണം. എറണാകുളം എളംകുളം സ്വദേശിയും യുകെ നോര്‍ത്താംപ്റ്റണില്‍ താമസക്കാരനുമായ സുഭാഷ് ജോര്‍ജ് മാനുവലിനെതിരേയാണ് പരാതി. മലയാളികൾക്ക് പുറമേ ശ്രീലങ്ക, പാക്കിസ്ഥാൻ, ഗൾഫ്, യൂറോപ്പ് രാജ്യങ്ങളിലെ പൗരന്മാരും ഇയാളുടെ തട്ടിപ്പിനിരയായെന്നാണ് വിവരം.
തട്ടിപ്പിനിരയായവരുടെ പരാതിയിൽ സുഭാഷിനോട് പോലീസ് സ്റ്റേഷനില്‍ നേരിട്ടു ഹാജരാകാന്‍ മേയ് 12ന് കോട്ടയം സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. സുഭാഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതിയെ നിലവില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന് നിരീക്ഷിച്ച് പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ഉൾപ്പെടെ കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
നേരത്തേ നാട്ടിലെത്തിയ ഇയാള്‍ 20ന് കറുകച്ചാല്‍ സ്റ്റേഷനില്‍ ഹാജരായി. തിങ്കളാഴ്ച വീണ്ടും സ്റ്റേഷനില്‍ ഹാജരാകുമെന്ന് പോലീസ് അറിയിച്ചു.
പ്രതിയായ സുഭാഷ് ക്രിപ്റ്റോ ട്രേഡിംഗിലൂടെ 300 ഇരട്ടി വരെ ലാഭം കൊയ്യാമെന്നു വിശ്വസിപ്പിച്ച് വിദേശികളുടെയും നിരവധി മലയാളികളുടെയും പണം തട്ടിയെന്നാണു പരാതി.
പരാതിക്കാരിയുടെ കുടുംബത്തെ പറഞ്ഞുപറ്റിച്ച് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് പ്രതിയുടെ ഉടമസ്ഥതയിലുള്ള ബീ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ അക്കൗണ്ടിലേക്കു പണം ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയായിരുന്നു. 2020-2023 കാലയളവില്‍ 99.04 ലക്ഷം രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്. തുടര്‍ന്നാണ് പരാതിക്കാർ പോലീസിനെ സമീപിച്ചത്.
എളംകുളത്തെ വീട്ടില്‍ സുഭാഷിനെ കാണാന്‍ ചെന്നവരെ ഇയാളും സഹോദരനും ചേര്‍ന്നു മര്‍ദിച്ചെന്ന പരാതിയില്‍ എറണാകുളം ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പിന്നാലെ ഇയാൾ വിദേശത്തേക്ക് കടന്നിരുന്നു. പരാതിക്കാരെ ഭയപ്പെടുത്താൻ കോടികളുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇയാള്‍ നിരവധി വക്കീല്‍ നോട്ടീസുകള്‍ അയച്ചതായും പറയപ്പെടുന്നു.
കേംബ്രിഡ്ജ് മുന്‍ മേയറും സുപ്രീംകോടതി അഭിഭാഷകനും ബ്രിട്ടനിലെ ക്രിമിനില്‍ അഭിഭാഷകനുമായ സോളിസിറ്റര്‍ അഡ്വക്കേറ്റ് കൗണ്‍സിലര്‍ ബൈജു തിട്ടാലയാണ് പരാതിക്കാർക്ക് നിയമസഹായം നൽകുന്നത്.സംസ്ഥാനത്ത് അഭിഭാഷകരായ കെ.ആര്. സുമേഷും ജിന്‍സ് ടി. തോമസും പരാതിക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായി.
