ജീവിതം ക്ലിക്കായി..! ഫോട്ടോഗ്രാഫറായ ഭര്‍ത്താവിന്‍റെ മരണശേഷം ജീവിക്കാന്‍ കാമറ കൈയിലെടുത്ത സത്യഭാമയെക്കുറിച്ച്…

ജീവിതം പലര്‍ക്കും പലതരത്തിലുള്ള പരീക്ഷണങ്ങാളല്ലൊ നല്‍കുന്നത്. ചിലര്‍ അവയുടെ മുന്നില്‍ പതറി ജീവനൊടുക്കുകയൊ തളരുകയൊ ചെയ്യും. എന്നാല്‍ മറ്റു ചിലര്‍ തളരാതെ പോരാടും.

പലരുടെയും പരിഹാസങ്ങള്‍ക്കും അവഗണനകള്‍ക്കും ഇടയിലൂടെ അവര്‍ ഒരുനാള്‍ വിജയംവരിക്കും. മാത്രമല്ല ജീവിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്ന പലര്‍ക്കും മാതൃകയായി മാറുകയും ചെയ്യും.

അത്തരത്തിലുള്ളൊരു ജീവിതമാണ് സത്യഭാമയുടേത്. തന്‍റെ 40-ാം വയസില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലായിരുന്നവര്‍. ആശ്രയിക്കാന്‍ പ്രത്യേകിച്ച് ആരുമില്ലാത്ത അന്ന് അവര്‍ സധെെര്യം ഒരു തീരുമാനത്തെിലെത്തി. ഫോട്ടോഗ്രാഫറായിരുന്ന ഭര്‍ത്താവിന്‍റെ പാത പിന്തുടരുക.

മധുരൈ ജില്ലയിലെ ഷോളവന്ദന്‍ സ്വദേശിനിയായ സത്യഭാമ 1989ലാണ് ഫോട്ടോഗ്രാഫറായ വിജയകുമാറിനെ വിവാഹം കഴിക്കുന്നത്. സേലം ജില്ലയിലെ നച്ചിനംപെട്ടി സ്വദേശിയായിരുന്നു വിജയകുമാര്‍.

വിവാഹത്തിന് ശേഷം കുറച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വിജയകുമാറിന് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങി. അതോടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ പോകാനൊ ഫോട്ടോ സ്റ്റുഡിയോ നടത്താനൊ അദ്ദേഹത്തിന് സാധിക്കാതെയായി.

ആരോഗ്യ കാരണം നിമിത്തം 2003ല്‍ വരാമെന്നേറ്റ ഒരു പരിപാടിക്ക് പോകാന്‍ വിജയകുമാറിന് സാധിച്ചില്ല. എന്നാല്‍ സാമ്പത്തിക സാഹചര്യം നിമിത്തം ആ വര്‍ക്ക് വിട്ടുകളയാന്‍ സത്യഭാമയ്ക്ക് തോന്നിയില്ല.

അവര്‍ രണ്ടും കല്‍പിച്ച് അന്നാ പരിപാടിക്ക് പോയി. തനിക്കറിയാവുന്ന രീതിയില്‍ ഒക്കെ ചിത്രങ്ങള്‍ പകര്‍ത്തി.

ഫോട്ടോകള്‍ എടുത്ത ശേഷം ഭര്‍ത്താവിനെ അതിന്‍റെ നെഗറ്റീവ് കാണിച്ചു. 10 ഫോട്ടോകള്‍ ഷെയ്ക്ക് ആയി പോയിരുന്നു.

വീടിനടുത്തുള്ള മറ്റൊരു ലാബില്‍ പോയി ചിത്രങ്ങള്‍ ഡെവലപ് ചെയ്യുന്നത് മനസിലാക്കാന്‍ വിജയകുമാര്‍ സത്യഭാമയോട് പറഞ്ഞു. അവര്‍ അവിടെ നിന്നും ഫോട്ടോ എടുക്കുന്ന രീതികൂടി കണ്ട് മനസ്സിലാക്കി.

തൊട്ടടുത്ത ദിവസം ദീവട്ടിപ്പട്ടി പോലീസ് വീട്ടിലെത്തുകയും അവര്‍ക്കൊപ്പം ചിത്രങ്ങള്‍ പകര്‍ത്താനെത്താന്‍ വിജയകുമാറിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അന്നവര്‍ക്കൊപ്പം പോയത് സത്യഭാമയായിരുന്നു.

കിണറ്റില്‍ മരിച്ചുകിടക്കുന്ന ഒരാളുടെ ചിത്രമായിരുന്നു അന്നവര്‍ പകര്‍ത്തിയത്. അതൊരു തുടക്കമായിരുന്നെന്ന് പറയാം. പിന്നീട് നിരവധി തവണ സത്യഭാമ പോലീസുകാര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ പോയി.

മിക്ക ഫോട്ടോകളും അപകടങ്ങളുടെയോ ആത്മഹത്യകളുടെയോ ആയിരുന്നു. 2017 വരെ പോലീസിന് വേണ്ടി ഫോട്ടോ എടുക്കാറുണ്ടായിരുന്നു സത്യഭാമ. സേലം കോടതിയിലും ഹൈക്കോടതിയിലും പല കേസുകളിലും സാക്ഷിയായും ഹാജരായി.

ഇതിനിടെ 2009ല്‍ സത്യഭാമയുടെ ഭര്‍ത്താവ് വിജയകുമാര്‍ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് മരണപ്പെട്ടു. അതിന് ശേഷം ഫോട്ടോ സ്റ്റുഡിയോ അവര്‍ തന്നെയാണ് നടത്തിയത്. അതത്ര എളുപ്പമായിരുന്നില്ല.

ഒരു സ്ത്രീ എന്ന നിലയില്‍ പലയിടങ്ങളിലും പലതരത്തിലുള്ള അപമാനങ്ങളും പരിഹാസങ്ങളും അവര്‍ക്കേല്‍ക്കേണ്ടി വന്നു. പരിപാടികള്‍ക്ക് ഫോട്ടോ എടുക്കുമ്പോള്‍ പുരുഷന്‍മാര്‍ കളിയാക്കുന്നത് പതിവായിരുന്നു. എന്നാല്‍ സത്യഭാമ തോല്‍ക്കാന്‍ തയാറല്ലായിരുന്നു. അവര്‍ ഇത്തരം പരിഹാസങ്ങളെയൊക്കെ അവഗണിച്ചു.

കാലം മാറിയപ്പോള്‍ സാങ്കേതിക വിദ്യകള്‍ക്കും മാറ്റം വന്നു. അത് ഫോട്ടോഗ്രഫിയുടെ മേഖലയിലും പ്രതിഫലിച്ചു. അവിടെയും 10 ക്ലാസ് മാത്രം പഠിച്ചിട്ടുള്ള സത്യഭാമ തോല്‍ക്കാന്‍ തയ്യാറായില്ല.

തന്‍റെ മകന്‍ മണിയുടെ സഹായത്തോടെ കമ്പ്യൂട്ടറിന്‍റെ പ്രവര്‍ത്തനങ്ങളും എന്തിനേറെ എഡിറ്റിംഗ്‌വരെ അവർ പഠിച്ചെടുത്തു.

കാലം എപ്പോഴും കഠിനാദ്ധ്വനികള്‍ക്കായി ഒരു പ്രതിഫലം കരുതി വയ്ക്കുമല്ലൊ. അതായിരുന്നു സത്യഭാമയുടെ ജീവിതത്തിലും സംഭവിച്ചത്. ഉത്തരവാദിത്വത്തോടെ നന്നായി ജോലി ചെയ്യുന്ന അവരെ സമൂഹം പതിയെ അംഗീകരിച്ചു തുടങ്ങി.

പിന്നീട് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍വരെ തങ്ങളുടെ പരിപാടികള്‍ പകര്‍ത്താന്‍ പ്രധാനമായും ക്ഷണിക്കാറുള്ളത് സത്യഭാമയെ ആയിരുന്നു. ഫോട്ടോഗ്രഫിയുടെ അടിസ്ഥാന തത്വങ്ങള്‍ പോലും പ്രൊഫഷണലായി പഠിക്കാഞ്ഞിട്ടും ഈ നിലവരെ എത്തിയ അവര്‍ പലര്‍ക്കും അഭിമാനമാണ്, പ്രചോദനമാണ്.

നിലവില്‍ സന്തോഷവതിയാണ് സത്യഭാമ. ഇപ്പോള്‍ കൂടുതല്‍ സമയവും പേരക്കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കുകയാണ് ഈ 53 കാരി.

താനെടുത്ത ചിത്രങ്ങളെല്ലാം കൊണ്ട് സത്യഭാമ ഒരുക്കിയ കൊളാഷായിരുന്നു സ്വന്തം ജീവിതമെന്ന് വേണമെങ്കില്‍ പറയാം.

Related posts

Leave a Comment