രാജഗോപാല്‍ ഉള്‍പ്പെടെ ഭൂരിപക്ഷം പേരും പിന്തുണയ്ക്കുന്നത് കെ. സുരേന്ദ്രനെ, പുതിയ ബിജെപി അധ്യക്ഷനെ അമിത് ഷാ തീരുമാനിക്കും, രണ്ടുദിവസത്തിനകം പ്രഖ്യാപനം, കണക്കുകൂട്ടലുകള്‍ ഇങ്ങനെ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരെന്നത് ഇനി കേന്ദ്രം തീരുമാനിക്കും. അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ഇന്നലെ കൊച്ചിയിലെത്തിയ കേന്ദ്ര സമിതി ബിജെപി സംസ്ഥാന നേതാക്കളുമായി മാരത്തോണ്‍ ചര്‍ച്ചയാണു നടത്തിയത്. എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ ഇന്നലെ രാത്രിവരെ നീണ്ട കൂടിക്കാഴ്ചയില്‍ സംസ്ഥാന നേതാക്കളും ജില്ലാ പ്രസിഡന്റുമാരും പോഷകസംഘടനാ പ്രതിനിധികളും അടക്കം അന്‍പതോളം നേതാക്കളെയാണു ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജയും കേരളത്തിന്റെ ചുമതലയുള്ള എംപി നളിന്‍കുമാര്‍ കട്ട്‌ലും അടങ്ങുന്ന കേന്ദ്ര സംഘം നേരില്‍ കണ്ട് അഭിപ്രായം ആരാഞ്ഞത്.

വി. മുരളീധര പക്ഷം നിലവിലെ ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ പേര് മുന്നോട്ടുവച്ചപ്പോള്‍ പി.കെ. കൃഷ്ണദാസ് പക്ഷത്തുനിന്ന് ജനറല്‍ സെക്രട്ടറിമാര്‍ തന്നെയായ എം.ടി. രമേശിന്റെയും എ.എന്‍. രാധാകൃഷ്ണന്റെയുമൊക്കെ പേരുകള്‍ ഉയര്‍ന്നുവന്നു. ഇരുപക്ഷവും തങ്ങളുടെ അവകാശവാദങ്ങള്‍ കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ ശക്തമായി അവതരിപ്പിച്ചു. കേന്ദ്ര നേതാക്കളെ നേരില്‍ കാണാനെത്തിയ സംസ്ഥാന നേതാക്കളില്‍ കൂടുതല്‍ പേരും കെ. സുരേന്ദ്രന് അനുകൂലമായ നിലപാട് എടുത്തതായാണു പുറത്തുവരുന്ന വിവരം.

വി. മുരളീധരന്‍ എംപി, ഒ. രാജഗോപാല്‍ എംഎല്‍എ, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കെ.വി. ശ്രീധരന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ കെ. സുരേന്ദ്രനെ പിന്തുണച്ചവരില്‍ പെടുന്നു. അതേ സമയം കൃഷ്ണദാസ് പക്ഷത്തുനിന്ന്. പി.കെ. കൃഷ്ണദാസ്, വി.എന്‍. വേലായുധന്‍ തുടങ്ങിയവര്‍ എം.ടി. രമേശിന്റെ പേര് മുന്നോട്ടുവച്ചപ്പോള്‍ ശോഭാ സുരേന്ദ്രനാണ് എ.എന്‍. രാധാകൃഷ്ണന്റെ പേരുന്നയിച്ചത്. ബി. ഗോപാലകൃഷ്ണനും വി.കെ. സജീവനും ഉള്‍പ്പെടെ നാലുപേര്‍ എ.എന്‍. രാധാകൃഷ്ണനെ പിന്തുണച്ചു. 14 ജില്ലാ പ്രസിഡന്റുമാരില്‍ ഒന്‍പതുപേര്‍ കെ. സുരേന്ദ്രനൊപ്പം നിലയുറപ്പിച്ചപ്പോള്‍ അഞ്ചുപേര്‍ എം.ടി. രമേശിനൊപ്പം നിന്നു. പോഷക സംഘടനാ ഭാരവാഹികളില്‍ ആറുപേരും കെ. സുരേന്ദ്രനെയാണ് പിന്തുണച്ചത്.

മെഡിക്കല്‍ കോഴ വിഷയത്തില്‍ ആരോപണ വിധേയനായ എം.ടി. രമേശിന് അക്കാര്യം വിനയായെങ്കിലോ എന്ന ആശങ്കയിലാണ് കൃഷ്ണദാസ് പക്ഷത്ത് നിന്നും എ.എന്‍. രാധാകൃഷ്ണന്റെ പേരുകൂടി ഉയര്‍ത്തിയതെന്നു ആ പക്ഷത്തെ ചിലര്‍ സൂചന നല്‍കുന്നു. പാര്‍ട്ടിക്കകത്ത് സീനിയര്‍ എന്ന നിലയില്‍ എ.എന്‍. രാധാകൃഷ്ണന് അവസരം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് കൃഷ്ണദാസ് വിഭാഗത്തില്‍ ഭിന്നത രൂപപ്പെടുകയായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് രണ്ടു പേരുകള്‍ ആ വിഭാഗത്തില്‍ നിന്നും ഉയര്‍ന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയ്ക്കകത്തു നിന്നും തന്നെ കരുത്തനായ ഒരാളെ കൊണ്ടുവരുന്നതിനാണു നീക്കം നടക്കുന്നത്.
സംസ്ഥാന നേതൃത്വവുമായി നടന്ന ചര്‍ച്ചകള്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നു മാധ്യമങ്ങളെ കണ്ട എച്ച്. രാജ ഇന്നലെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന നേതാക്കളില്‍നിന്നുള്ള അഭിപ്രായങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും വിവരം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അടക്കമുള്ളവര്‍ക്കു കൈമാറും. തുടര്‍ന്നു പുതിയ സംസ്ഥാന അധ്യക്ഷന്‍ ആരെന്നതു സംബന്ധിച്ച് കേന്ദ്ര നേതാക്കള്‍ വൈകാതെ പ്രഖ്യാപനം നടത്തുമെന്നാണു വിവരം. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മിസോറാം ഗവര്‍ണര്‍ സ്ഥാനം ഏറ്റതോടെയാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒഴിവു വന്നത്.

Related posts