ബംഗളൂരു: കന്നഡ സീരിയൽ നടി സി.എം. നന്ദിനിയെ (26) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്ക് താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്നങ്ങളും വിഷാദാവസ്ഥയും തന്നെ അലട്ടുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.
അഭിനയ ജീവിതവുമായി മുന്നോട്ടു പോകാനായിരുന്നു നന്ദിനിക്ക് താത്പര്യം. എന്നാൽ, സർക്കാർ ജോലി നേടാനും വിവാഹിതയാകാനും വീട്ടുകാർ നിർബന്ധിച്ചിരുന്നു. നന്ദിനിയുടെ പിതാവ് 2019ൽ സർക്കാർ സർവിസിലിരിക്കെ മരിച്ചിരുന്നു.
അഭിനയം ഒഴിവാക്കി ജോലിയിൽ ചേരാനും വിവാഹിതയാവാനുമാണ് കുടുംബം ഇവരെ നിർബന്ധിച്ചിരുന്നത്. ഇതിൽ നന്ദിനിക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ലെന്ന് കുറിപ്പിൽ പറയുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നും പോലീസ് പറയുന്നു.
