കള്ളം പറയുന്നതില്‍ പോലും മോദിയും അമിത്ഷായും തമ്മില്‍ ഐക്യമില്ല! ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമാണ് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങളെന്ന് മോദിയ്ക്കറിയാമോ; പരിഹാസവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ജനങ്ങളെ പറ്റിക്കാന്‍ നുണകള്‍ വില്‍ക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഫണ്ടുകളൊന്നും സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിച്ചില്ലെന്നുള്ള മോദിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘നുണകളുടെ ചക്രവര്‍ത്തിയായ മോദി പറയുന്നത് സംസ്ഥാനത്തിന് മൂന്ന് ലക്ഷം കോടി രൂപ തന്നെന്നാണ്. എന്നാല്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറയുന്നത് സംസ്ഥാനത്തിന് രണ്ട് ലക്ഷം കോടി നല്‍കിയെന്നാണ്. ഒരു കള്ളം പറയുന്നതില്‍ പോലും ഇരുവര്‍ക്കും ഐക്യമില്ല.’

മണിക്കൂറുകള്‍ സംസാരിച്ചിട്ടും കര്‍ണാടകയിലെ ജനങ്ങളെ ബാധിക്കുന്ന മഹാദായി നദി പ്രശ്‌നത്തെക്കുറിച്ച് മോദി മിണ്ടാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുതലാണെന്ന മോദിയുടെ ആരോപണവും അദ്ദേഹം തളളിക്കളഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുതലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബംഗളൂരു മാറ്റങ്ങളുടെ നഗരമെന്നാണ് അറിയപ്പെടുന്നത്. പക്ഷേ സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുതലാണെന്നാണ് മോദിയുടെ ആരോപണം. എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യ നിരക്കുള്ളതെന്ന് മോദിക്ക് അറിയാമോ.?’

കര്‍ണാടകയില്‍ ബി.ജെ.പി സംഘടിപ്പിച്ച ‘നവ കര്‍ണാടക നിര്‍മ്മാണ പരിവര്‍ത്തന യാത്ര’യുടെ സമാപന സമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍. കര്‍ണാടകയെ കോണ്‍ഗ്രസ് മുക്തമാക്കാനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചെന്നും മോദി പറഞ്ഞിരുന്നു.

 

Related posts