ശബരിമല വിശ്വാസ സംരക്ഷണത്തില്‍ ഏവരെയും കടത്തിവെട്ടി സര്‍ക്കാരിന്റെ കൊലമാസ് പെര്‍ഫോമന്‍സ് ! ചോറൂണിനു വന്ന യുവതികളെ നിലയ്ക്കലില്‍ വച്ചു തടഞ്ഞ് പോലീസ്; തടഞ്ഞത് യുവതിപ്രവേശനത്തിന് ചുക്കാന്‍ പിടിച്ച എസ്പി ഹരിശങ്കറിന്റെ ബന്ധുക്കളെ…

പത്തനംതിട്ട: ശബരിമല വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളുന്ന ഏവരെയും കടത്തി വെട്ടി സര്‍ക്കാരിന്റെ സൂപ്പര്‍പ്രകടനം. കുഞ്ഞിനു ചോറു കൊടുക്കാന്‍ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ വന്ന യുവതികള്‍ അടങ്ങുന്ന സംഘത്തെ നിലയ്ക്കലില്‍ പോലീസ് തടഞ്ഞു. ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കര്‍ദാസിന്റെയും കോട്ടയം എസ്.പി ഹരിശങ്കറിന്റെയും ബന്ധുക്കളെയാണ് തടഞ്ഞത്. ശങ്കര്‍ദാസ് ഇടപെട്ടിട്ടും പോലീസ് വഴങ്ങിയില്ല.

ഒടുവില്‍ എസ്പി ഹരിശങ്കര്‍ തന്നെ ഇടപെട്ടതോടെയാണ് ഇവരെ പമ്പയിലേക്ക് കടത്തി വിട്ടത്. എന്നാല്‍ യുവതികളെ പമ്പയില്‍ തടഞ്ഞ്പുരുഷന്മാരെ മാത്രമാണ് സന്നിധാനത്തേക്ക് കടത്തിവിട്ടത്. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടാന്‍ പാടില്ലെന്ന നിര്‍ദേശം ലംഘിച്ച് ഇവര്‍ വന്ന വാഹനത്തില്‍ തന്നെ യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു. യുവതി പ്രവേശന വിവാദം ഉണ്ടാകുന്നതിനു മുമ്പ് യുവതികള്‍ക്ക് പമ്പ പമ്പ ഗണപതി കോവില്‍ വരെ പ്രവേശം ഉണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ വിശ്വാസ സംരക്ഷകരുടെ റോളിലേക്ക് മാറിയതോടെയാണ് നിലയ്ക്കലിന് അപ്പുറം യുവതികള്‍ക്ക് പ്രവേശനം വിലക്കിയത്.

വാഹനങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസുകളിലും കയറി വനിതാ പോലീസ് അടക്കമുള്ളവര്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്. തിരിച്ചറിയല്‍ രേഖ ഇല്ലാത്തവരെയും സംശയം തോന്നുന്നവരെയും പമ്പയ്ക്ക് പോകാന്‍ അനുവദിക്കുന്നില്ല. ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് അട്ടത്തോട്ടിലെ താമസക്കാരായ യുവതികളാണ്. രാവിലെ മറ്റു സ്ഥലങ്ങളില്‍ ജോലിക്ക് പോയി മടങ്ങി വരുന്ന ഇവരെയും നിലയ്ക്കലില്‍ പോലീസ് തടയുകയാണ്. കഴിഞ്ഞ ദിവസം അട്ടത്തോട് നിവാസികള്‍ പോലീസിനെതിരേ സമരവുമായി രംഗത്തു വന്നിരുന്നു.

ഉത്സവത്തിനും മാസപൂജയ്ക്കുമായി നടതുറന്നിരിക്കുകയാണ് ഇപ്പോള്‍. തിരക്കാകട്ടെ വളരെ കുറവുമാണ്. തിരഞ്ഞെടുപ്പ് കാലത്ത് ആരെങ്കിലും യുവതികളെ കയറ്റാന്‍ തുനിയുമോ എന്ന പേടിയാണ് സര്‍ക്കാരിന് ഇപ്പോഴുള്ളത്. അതിന്റെ ഭാഗമായാണ് ഇപ്പോഴുള്ള കാട്ടിക്കൂട്ടലുകള്‍ എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Related posts