പോലീസ് കോണ്‍സ്റ്റബിളാകാന്‍ ‘കഠിന പരിശ്രമം’ നടത്തിയ പാവം ഉദ്യോഗാര്‍ഥി ! പോലീസ് ജീപ്പ് തല്ലിത്തകര്‍ത്ത കേസില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ പ്രതി നസീമിനെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍…

പോലീസ് ജീപ്പ് അടിച്ചു തകര്‍ത്ത കേസില്‍ പിഎസ് സി ചോദ്യപ്പേപ്പര്‍ കേസിലെ പ്രതി നസീമിനെ വെറുതെ വിടാന്‍ നീക്കം. എസ്എഫ്‌ഐ പ്രവര്‍ത്തകനെ പിടികൂടിയതിന്റെ പേരിലാണ് നസീമിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസ് ജീപ്പ് അടിച്ചു തകര്‍ത്തത്.

ഇപ്പോള്‍ ഈ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് ഇപ്പോള്‍ വിവാദമാകുന്നത്.

കേസില്‍ പരാതിക്കാര്‍ ആരും ഇല്ലാത്ത സാഹചര്യം മനസ്സിലാക്കിയാണ് ഈ നീക്കം. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്, പി.എസ്.സി. ചോദ്യപ്പേപ്പര്‍ ചോര്‍ന്ന കേസ് എന്നിവയിലടക്കം പ്രതിയാണ് നസീം. നസീമിന് ഇപ്പോഴും സര്‍ക്കാരിലും പൊലീസിലും സിപിഎമ്മിലും ഉള്ള സ്വാധീനത്തിന് തെളിവാണ് ഈ ഇടപെടല്‍.

രക്തസാക്ഷി മണ്ഡപത്തിന് സമീപം വച്ച് ട്രാഫിക് നിയമം ലംഘിച്ചതിനാണ് ആദ്യം എസ്എഫ്‌ഐ പ്രവര്‍ത്തകനെ പിടികൂടിയത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ അഭിഭാഷകയെ പാര്‍ട്ടി ഇടപെട്ട് മാറ്റിയിരുന്നു. അതിന് ശേഷമാണ് നസീമിനെ രക്ഷിക്കാനുള്ള നീക്കം.

നേരത്തെ യൂണിവേഴ്സിറ്റി കോളേജിലെ അദ്ധ്യാപികയെ അപാനിക്കാന്‍ ശ്രമിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് എ എ റഹിമിനെതിരായ കേസും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അധ്യാപികയുടെ എതിര്‍പ്പ് അതിനു തടസ്സമായി.

ഇതിനു പിന്നാലെയാണ് യൂണിവേഴ്‌സിറ്റി കോളജിലെ പഴയ എസ്എഫ്‌ഐ നേതാവിനെ രക്ഷിക്കാനുള്ള ശ്രമം. നിയമസഭയിലെ അതിക്രമത്തിന്റെ പേരില്‍ എംഎല്‍എ.മാര്‍ക്കെതിരേയെടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചപ്പോള്‍ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച കോടതി കേസ് പിന്‍വലിക്കാന്‍ അനുവദിക്കാതെ പ്രതികളോട് 35000 രൂപ വീതം കെട്ടിവയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയാണുണ്ടായത്.

പൊതുമുതല്‍ നശീകരണ കേസുകള്‍ സര്‍ക്കാരിനുതന്നെ എതിരായതിനാല്‍ അവ പിന്‍വലിക്കാന്‍ അനുവദിക്കരുതെന്ന് നിരവധി കോടതി ഉത്തരവുകളുണ്ട്. കേസ് നടത്തിയ സര്‍ക്കാര്‍ അഭിഭാഷകയുടെ വീഴ്ചയാണ് കേസ് പിന്‍വലിക്കാന്‍ കോടതി അനുവദിക്കാത്തതെന്ന പ്രതികളില്‍ ഒരാളുടെ പരാതിയില്‍ സര്‍ക്കാര്‍ അഭിഭാഷകയെ മാറ്റി.

പകരം പാര്‍ട്ടി ഉന്നത നേതാവിന്റെ മകനെ സര്‍ക്കാര്‍ കേസ് നടത്താന്‍ ചുമതലപ്പെടുത്തി. തുടര്‍ന്ന് ഒരു വര്‍ഷം മാത്രം വിരമിക്കാന്‍ ബാക്കിയുള്ള സര്‍ക്കാര്‍ അഭിഭാഷകയെ ആലപ്പുഴയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. എന്നാല്‍, തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇതുവരെ പുതിയ നിയമനം നടത്തിയിട്ടുമില്ല.

ഈ സാഹചര്യത്തിലാണ് മുന്‍ എസ്.എഫ്.ഐ.ക്കാരനായ നസീം പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്ത കേസ് കോടതിയുടെ പരിഗണനയില്‍ വരുന്നത്. ഈ കേസില്‍ കോടതി നിലപാട് നിര്‍ണ്ണായകമാകും. പിഎസ് സി തട്ടിപ്പുകേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാഞ്ഞതിനെത്തുടര്‍ന്ന് നസീമും ശിവരഞ്ജിത്തും അടക്കമുള്ള പ്രതികള്‍ ജാമ്യത്തിലിറങ്ങി വിലസുകയാണ്.

യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി എസ്എഫ്ഐ നേതാവ് ആര്‍. ശിവരഞ്ജിത്തിന് പൊലീസ് കോണ്‍സ്റ്റബിള്‍ പട്ടികയില്‍ ഒന്നാം റാങ്കായിരുന്നു. കേസിലെ രണ്ടാം പ്രതി എ.എന്‍. നസീമിനു 28-ാം റാങ്കും, എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന പ്രണവിനു രണ്ടാം റാങ്കുമായിരുന്നു.

Related posts

Leave a Comment