ചാത്തന്നൂർ: സ്കൂളിൽനിന്നു വീട്ടിലേക്ക് പോവുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമമെന്ന് പരാതി. ഇടറോഡിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെയാണ് പിന്നാലെ എത്തിയ ആൾ ബലമായി കൈയ്ക്ക് പിടിച്ച് വലിച്ചത്. കുട്ടി കൈവെട്ടിച്ച് നിലവിളിച്ചു കൊണ്ട് ഓടി അടുത്ത വീട്ടിൽ കയറി രക്ഷപ്പെട്ടു.
കുട്ടിയുടെ കൈയിൽ ബലമായി പിടിച്ചു വലിച്ചതിന്റെ ക്ഷതങ്ങളുണ്ട്.ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പാരിപ്പള്ളിക്കടുത്ത് പുത്തൻകുളത്താണ് സംഭവം.
പ്ലാവിള ദേവീ ക്ഷേത്രത്തിന് സമീപം പ്രധാന റോഡിൽനിന്നും ഇടറോഡിലൂടെ കുട്ടി നടന്നു പോകുകയായിരുന്നു. പിന്നാലെ പരിചയമില്ലാത്ത ഒരാൾ വരുന്നത് കണ്ട് കുട്ടി വേഗതയിൽ നടക്കാൻ ശ്രമിച്ചു.
അപ്പോൾ അയാൾ വേഗത്തിൽ എത്തി കുട്ടിയുടെ കൈയ്ക്ക് പിടിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ തടിച്ചു കൂടുകയും പരവൂർ പോലീസിനെ അറിയിക്കുകയും ചെയ്തു.
പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംശയമുള്ള നാലോളം പേരെ രാത്രി തന്നെ ചോദ്യം ചെയ്തു. ആളിനെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. പോലീസ് ഇന്ന് രാവിലെയും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും അന്വേഷണം ഊർജിതമായി നടത്തുകയാണെന്നും പരവൂർ എസ്. ഐ സുജിത് നായർ പറഞ്ഞു.
പൂയപ്പള്ളിയിൽ നിന്നും ആറു വയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഘം ഈ പ്രദേശത്താണ് രാത്രി തങ്ങിയതെന്ന് സംശയിക്കുന്നതിനിടയിലാണ് ഈ സംഭവം പുത്തൻ കുളത്തുണ്ടായത്.