ജോസ് കെ. മാണി കോട്ടയത്ത് നിന്ന് എത്തി, ഇരുപത്തേഴ് മിനിറ്റ് കഴിഞ്ഞപ്പോഴാണ് മാണി സാര്‍ യാത്ര പറഞ്ഞത്! ഒരു കൈ മകന്റെ കയ്യിലും മറുകൈ പ്രിയതമയുടെ കയ്യിലും മുറുകെ പിടിച്ചിരുന്നു; കെ. എം. മാണിയുടെ അന്ത്യ നിമിഷങ്ങള്‍ വിവരിച്ച് മരുമകന്‍

എന്തൊക്കെ ആകുലതകളുണ്ടായാലും പ്രശാന്തത വെടിയാത്ത മുഖവും മനസുമായിരുന്നു കെ. എം. മാണിയ്ക്ക് എപ്പോഴും. മരണ സമയത്തും അദ്ദേഹം അത് കാത്തുസൂക്ഷിച്ചിരുന്നു എന്നും താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശാന്തമായ മരണമായിരുന്നു അദ്ദേഹത്തിന്റേതെന്നും വ്യക്തമാക്കുകയാണ് കെ. എം. മാണിയുടെ മരുമകനും മുന്‍ കളക്ടറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ജോസഫ് മേനാച്ചേരി.

കെ. എം. മാണിയുടെ അവസാന നിമിഷങ്ങള്‍ സംബന്ധിച്ച് അദ്ദേഹം എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ;

ഒരു യുഗം അവസാനിച്ചു. മാണി സാര്‍ ഇനി ഇല്ല

വര്‍ഷങ്ങള്‍ക്ക് മുമ്പ് , എനിക്ക് വെറും പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ എന്റെ മുത്തച്ഛന്‍ മരിക്കുന്നത് ഞാന്‍ കണ്ടു. കിടക്കയില്‍ വളരെ ശാന്തതയോടെയുള്ള മരണം .

അദ്ദേഹത്തിന്റെ അരികില്‍ അദ്ദേഹത്തിന്റെ ഒരെയൊരു മകനും ( എന്റെ പിതാവ് ,) അദ്ദേഹത്തിന്റെ കൊച്ചു മകനും ( അത് ഞാന്‍ തന്നെ) . ഒരു കൂട്ടം പുരോഹികരുടെയും കന്യാസ്ത്രീകളുടെയും നേതൃത്വത്തില്‍ നിത്യാശാന്തിയ്ക്കായി പ്രാര്‍ത്ഥന നടക്കുന്നു .

ആ സമയം ആശുപത്രികളില്ല, വെന്റിലേറ്ററില്ല . എന്റെ പിതാവ് മുത്തച്ഛന്റെ നാവില്‍ ഇടക്കിടെ വെള്ളം ഇറ്റിച്ചു നല്‍കുന്നു . ഒടുവില്‍ എന്റെ മുത്തച്ഛന്‍ വളരെ സന്തുഷ്ടനായി തന്റെ ജീവന്‍ ഉപേക്ഷിച്ചു. ഇത്രയും കാലത്തെ എന്റെ ജീവിതത്തിനിടയില്‍ ഞാന്‍ കണ്ട ഏറ്റവും സമാധാനപരമായ മരണമായിരുന്നു അത്.

ഇപ്പോള്‍ 2019 ഏപ്രില്‍ 9ന് എന്റെ ഭാര്യാപിതാവ് കെഎം മാണി അന്തരിച്ചു. മാണി സാറിന്റെ മരണം എന്റെ മുത്തച്ഛന്റെ മരണത്തേക്കാളും ഏറെ ശാന്തമായിരുന്നു . മാണി സാര്‍ അതീവ ഗുരുതരാവസ്ഥയിലെന്ന വിവരം ഡോ. മോഹന്‍ മാത്യു അറിയിച്ചതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് 3 മണിയോടെയാണ് ഞാന്‍ ലേക്ക്ഷോര്‍ ആശുപത്രിയില്‍ എത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ മുത്തച്ഛന്റെ മരണക്കിടയ്ക്കക്കരികില്‍ ഞാനും എന്റെ പിതാവും നിന്നിരുന്നതു പോലെ ഈ 9ന് മാണി സാറിന്റെ മരണക്കിടക്കക്ക് അരികില്‍ അദ്ദേഹത്തിന്റെ ഭാര്യ കുട്ടിയമ്മയ്ക്കും മകന്‍ ജോസ് കെ മാണിക്കും, മരുമകള്‍ നിഷക്കും, എന്റെ ഭാര്യ സാലിക്കും , സഹോദരിമാരായ എല്‍സമ്മയ്ക്കും, ആനിക്കും, സ്മിതക്കും, ജോസ് കെ മാണിയുടെ മകള്‍ പ്രിയങ്കയ്ക്കും , മകന്‍ കുഞ്ഞുമാണിക്കും ഒപ്പം ഒരാളായി ഞാനും ഉണ്ടായിരുന്നു .

ഞാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ , മാണി സാര്‍ താന്‍ മരണത്തിലേക്ക് പോകുകയാണെന്ന് അറിഞ്ഞിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. തന്റെ ചുറ്റും എല്ലാവരും ഉള്ളത് അദ്ദേഹം അറിയുന്നുണ്ടായിരുന്നു . ദൈവഹിതം പോലെ മരണത്തെ സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു . അവസാന ശ്വാസം വരെ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു .

അടുത്തുള്ള പള്ളിയില്‍ നിന്നും ഒരു പുരോഹിതനെ തിരഞ്ഞ് ഞങ്ങള്‍ പോയപ്പോള്‍ തിരികെ എത്തി അന്ത്യകൂദാശ നല്‍കുന്നതു വരെയും മരണം അദ്ദേഹത്തെ കാത്തിരുന്നു . തന്റെ ജീവിതത്തിന്റെ അവസാന നിമിഷത്തില്‍ മാണി സാര്‍ തന്റെ നാവില്‍ കൂദാശ സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.

ജോസ് കെ മാണി കോട്ടയത്ത് നിന്ന് പിതാവിന്റെ കട്ടിലിന് അരികില്‍ എത്തുന്നതു വരെയും മരണം കാത്തിരുന്നു. വൈകിട്ട് 4.30 ഓടു കൂടിയാണ് ജോമോന്‍ എത്തിയത്. പിന്നീട് ഇരുപത്തേഴ് മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ മാണി സാര്‍ യാത്ര പറഞ്ഞു . ഒരു കൈ മകന്റെ കയ്യിലും മറുകൈ ഭാര്യയുടെ കയ്യിലും മുറുകെ പിടിച്ചിരുന്നു .

ശ്രീ കെഎം മാണി ജനലക്ഷങ്ങളുടെ മനസ്സുകളില്‍ ജീവിക്കും. മാണി സാര്‍ മരിച്ചിട്ടില്ല, മരിക്കുകയും ഇല്ല .

Related posts