കൊച്ചിയെ കടല്‍ വിഴുങ്ങുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല ! തുറന്നു പറച്ചിലുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്…

കൊച്ചി നഗരം ഭാവിയില്‍ കടലില്‍ താഴുമെന്ന പ്രവചനത്തില്‍ യാതൊരു അതിശയോക്തിയുമില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്.

‘ഭൂമിയില്‍ ചില ഭാഗങ്ങള്‍ മരുഭൂമിയായി മാറും, മരുഭൂമി കടലാവും കടല്‍ മലയായി മാറും. കടലെല്ലാം കരയാകും, കരയെല്ലാം കടലാകും. പക്ഷേ അതുകാണാന്‍ നമ്മുടെ തലമുറ ഉണ്ടാകില്ല’ – ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു സോമനാഥിന്റെ തുറന്നു പറച്ചില്‍.

മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രകൃതിക്കുണ്ടാക്കുന്ന മാറ്റങ്ങള്‍ പതുക്കെയാക്കി കഴിഞ്ഞാല്‍ അതിനെ കൈകാര്യം ചെയ്യാന്‍ കഴിയും.

അത് വേഗത്തിലാകുമ്പോഴാണ് നമ്മളെ ബാധിക്കുന്നത്. അങ്ങനെയാണ് വെള്ളപ്പൊക്കവും പ്രളയവും ഒക്കെ ഉണ്ടാകുന്നത്.

എന്നാല്‍, കാലാവസ്ഥ എന്നു പറയുന്നതു വലിയൊരു ശക്തിയാണ്. അതൊരു പ്രാദേശിക പ്രഭാവമല്ല. പ്രാദേശിക കാര്യങ്ങളില്‍ ചിലപ്പോള്‍ നമ്മള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞേക്കും.

പക്ഷേ അത് ആഗോള തലത്തില്‍ വരുമ്പോള്‍ അതിനെയൊന്നും നിയന്ത്രിക്കാനുള്ള ശക്തി മനുഷ്യനില്ല. ചെറിയ ചെറിയ മാറ്റങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞേക്കാം.

കാലാവസ്ഥ എന്നതു പ്രകൃതിശക്തിയുടെ ഭാഗമാണ്. അതിനെ നിയന്ത്രിക്കുക എളുപ്പമല്ല. മുന്നറിയിപ്പുകള്‍ അടക്കം നല്‍കി പ്രതിരോധിക്കാന്‍ കഴിയും.

കാലാവസ്ഥാ വ്യതിയാനം പെട്ടെന്നു സംഭവിക്കുന്ന ഒന്നല്ല. ഏകദേശം 100 വര്‍ഷം ആയുസ് മാത്രമുള്ള ജീവിയാണ് മനുഷ്യന്‍.

അതുകൊണ്ട് തന്നെ പ്രകൃതിയില്‍ നടക്കുന്ന സ്വാഭാവിക മാറ്റങ്ങള്‍ നമ്മള്‍ തിരിച്ചറിയുന്നുമില്ല.

പെട്ടെന്നുള്ള മാറ്റങ്ങളാണ് മനുഷ്യനെ ഭീതിപ്പെടുത്തുന്നത്. അത് മനുഷ്യന്റെ ചെയ്തികള്‍ കൊണ്ടുതന്നെയാണെന്നും എസ് സോമനാഥ് പറയുന്നു.

Related posts

Leave a Comment