ചോദിച്ചാല്‍ ക്ലാസില്ലെന്നു പറയും ! അധ്യാപികയെന്നു പറഞ്ഞു ജോളി പറ്റിച്ചെന്ന് മൊഴി നല്‍കി തഹസില്‍ദാരും ബ്യൂട്ടീഷനും…

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിനെതിരേ കോടതിയില്‍ മൊഴി നല്‍കി ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ ജയശ്രീ വാര്യര്‍.

കോഴിക്കോട് എന്‍ഐടിയില്‍ (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) അധ്യാപികയാണെന്നു തന്നെ വിശ്വസിപ്പിച്ചിരുന്നതായാണ് ജയശ്രീ വാര്യര്‍ കോടതിയില്‍ മൊഴി നല്‍കി.

ജോളിയുടെ പേരിലുള്ള ഭൂമിക്കു നികുതി സ്വീകരിക്കാനുള്ള നടപടി വേഗത്തിലാക്കാന്‍ കൂടത്തായി വില്ലേജ് ഓഫിസറോടു താന്‍ ആവശ്യപ്പെട്ടതായും കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ കൂടത്തായി റോയ് തോമസ് വധക്കേസിന്റെ വിസ്താരത്തിനിടെ ജയശ്രീ പറഞ്ഞു.

ബസ് യാത്രയിലാണു ജോളിയെ പരിചയപ്പെട്ടത്. പരിചയം സൗഹൃദമായി. പലവട്ടം ജോളിയെ കാണാന്‍ എന്‍ഐടിയില്‍ പോവുകയും കന്റീനില്‍ ഒരുമിച്ചു ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നിച്ചു ചെറിയ യാത്രകള്‍ നടത്തി.

ഭര്‍ത്താവ് റോയ് തോമസ് ഹൃദയാഘാതം മൂലം മരിച്ചതായി 2011ല്‍ ജോളി അറിയിച്ചിരുന്നു. അന്നു താന്‍ ജോളിയുടെ വീട്ടിലെത്തിയപ്പോള്‍, ഭര്‍ത്താവു മരിച്ചതിന്റെ വിഷമം ഒന്നുമില്ലാതെ മരണാനന്തര ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുന്ന ജോളിയെയാണു കണ്ടത്.

റോയിയുടെ മരണശേഷം സ്വത്തുക്കള്‍ ജോളിയുടെ പേരിലേക്കു മാറ്റിയിരുന്നു. അതിലുള്‍പ്പെട്ട ഭൂമിയുടെ നികുതി സ്വീകരിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നു ജോളി ആവശ്യപ്പെട്ടതനുസരിച്ചു കൂടത്തായി വില്ലേജ് ഓഫിസറെ താന്‍ ഫോണില്‍ വിളിച്ചു പറഞ്ഞു.

എന്‍ഐടിക്കു സമീപത്തെ ബ്യൂട്ടി പാര്‍ലറില്‍ ജോളി പതിവായി വരാറുണ്ടായിരുന്നെന്ന് ഉടമയായിരുന്ന സുലേഖ മജീദ് കോടതിയില്‍ മൊഴി നല്‍കി.

എന്‍ഐടിയില്‍ അധ്യാപികയാണെന്നാണു ജോളി പറഞ്ഞത്. ഫേഷ്യലും മറ്റും കഴിഞ്ഞാലും ഏറെ സമയം ബ്യൂട്ടി പാര്‍ലറില്‍ ചെലവഴിക്കുമായിരുന്നു.

ചോദിച്ചാല്‍ ക്ലാസില്ലെന്നും മറ്റും പറയും സുലേഖ പറഞ്ഞു. എന്നാല്‍, എന്‍ഐടിക്കു സമീപം അത്തരം ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നു പ്രതിഭാഗം വാദിച്ചു.

പ്രോസിക്യൂഷനു വേണ്ടി അഡ്വ.എന്‍.കെ.ഉണ്ണിക്കൃഷ്ണന്‍, അഡ്വ.ഇ.സുഭാഷ് എന്നിവരും ഒന്നാം പ്രതിക്കു വേണ്ടി അഡ്വ.കെ.പി.പ്രശാന്തും ഹാജരായി.

Related posts

Leave a Comment