ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തില്‍ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ഡിഎംഒ) നേതൃത്വത്തിലുള്ള സംഘം ഇന്നു ആശുപത്രിയില്‍ എത്തി അന്വേഷണം നടത്തും. ഉച്ചകഴിഞ്ഞു രണ്ടിനാണു സംഘം മെഡിക്കല്‍ കോളജിലെത്തുന്നത്.
ആലപ്പുഴ ഓമനപ്പുഴ പൊള്ളയില് സ്വദേശി അനീഷിന്റെ ഭാര്യ ഫേബ ജോസ് (27) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണു മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയിരുന്നു. ഇതോടെയാണു ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നു നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇന്നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനു ഇന്നു സമര്‍പ്പിക്കും.
കഴിഞ്ഞ ശനിയാഴ്ചയാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്ന് റഫര്‍ ചെയ്ത ഫേബയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ ലേബര്‍ റൂമിലേക്ക് മാറ്റി. ആദ്യഘട്ടത്തില്‍ സുഖപ്രസവം നടക്കുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് സ്ഥിതി വഷളാവുകയും ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതി മരണപ്പെട്ടു.
ശസ്ത്രക്രിയയ്ക്കു പിന്നാലെ യുവതിയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായതായാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ ശസ്ത്രക്രിയ നടത്താന്‍ വൈകിയതാണ് മരണത്തിന് കാരണമായതെന്നും ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കുഞ്ഞ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ഇതോടെയാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ് ആശുപത്രി തല അന്വേഷണത്തിനു ഉത്തരവിട്ടത്. തുടര്‍ന്ന് ഗൈനക്കോളജി വിഭാഗം മേധാവി, ജനറല്‍ മെഡിസിന് മേധാവി, കാര്‍ഡിയോളജി വിഭാഗം മേധാവി, ഫോറന്‍സിക് വിഭാഗം മേധാവി, പീഡിയാട്രിക് വിഭാഗം മേധാവി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്. ഇവരുടെ റിപ്പോര്‍ട്ടാണ് ഇന്നു പ്രിന്‍സിപ്പലിന് സമര്‍പ്പിക്കുന്നത്.
