നെന്മാറ: മണ്ണിന്റെ ഗുണവും, ചെളിയുടെ ഗന്ധവും അടുത്തറിഞ്ഞ് ഞവര നെല്ലിന്റെ കൊയ്ത്ത് ഉത്സവമാക്കി യുവാക്കൾ. കൊയ്ത്തുപാട്ടും കറ്റകെട്ടലുമായി നാടിന്റെ ഉത്സവമായി കൊയ്ത്തുത്സവം മാറി.
നെന്മാറ കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗിന്റെ നേതൃത്വത്തിൽ അയിലൂർ കൃഷിഭവന്റെയും കൊല്ലം ഡോൺ ബോസ്കോ കോളജ് സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെയും സഹകരണത്തോടെ അയിലൂർ തലവെട്ടാംപാറ തോണിപ്പാടം പാടശേഖര സമിതിയിലെ ജൈവ കർഷകൻ ആർ. സജിത്തിന്റെ ഞവര നെൽപ്പാടത്തായിരുന്നു കൊയ്ത്തുത്സവം സംഘടിപ്പിച്ചത്.
ജൈവരീതിയിൽ ഞവര നെൽകൃഷി കേരളത്തിൽ അപൂർവമായാണ് ചെയ്യുന്നത്. ഔഷധ മൂല്യമുള്ള ഞവര നെൽകൃഷിയുടെ മൂല്യം യുവതലുറയ്ക്കു പരിചയപ്പെടുത്തുകയും, പാടത്തും ചെളിയിലും ഇറങ്ങി കൃഷിപ്പണി ചെയ്യുന്നവരുടെ യഥാർഥ ജീവിതം അടുത്തറിയുന്നതിനുമായാണ് കൊയ്ത്തുത്സവം ലക്ഷ്യമിട്ടത്.
അന്യമാവുന്ന കൃഷിയെ യുവാക്കൾക്ക് പരിചയപ്പെടുത്തുന്ന പരിപാടിയുടെ ഉദ്ഘാടനം അയിലൂർ കൃഷി ഓഫീസർ മാനസ നിർവഹിച്ചു.ചടങ്ങിൽ സാമൂഹ്യ പ്രവർത്തന വിഭാഗം അസിസ്റ്റന്റ് പ്രഫസർ ജോമൽ പോൾ മാത്യു അധ്യക്ഷനായി.
അസിസ്റ്റന്റ് പ്രഫസർ ആർ. കാവ്യജ, അയിലൂർ സർവീസ് സൊസൈറ്റി ബാങ്ക് പ്രസിഡന്റ് തോമസ്, പുഷ്പാകരൻ, കണ്ണാമണി, കെ. ബാബു, എ. ശിവരാമൻ, വിജയൻ വിത്തനശ്ശേരി, ബെൻഞ്ചമിൻ തോമസ് എന്നിവർ പ്രസംഗിച്ചു.
മുപ്പതിലധികം യുവാക്കളാണ് കൊയ്ത്തുത്സവത്തിന് നേതൃത്വം നൽകിയത്. തുടർന്ന് അയിലൂർ യൂണിയൻ ലൈബ്രറി സന്ദർശിക്കുകയും ലൈബ്രറിയുടെ ചരിത്രപ്രാധാന്യത്തെക്കുറിച്ച് സെക്രട്ടറി രാജേഷ് മാസ്റ്റർ യുവാക്കളോടു വിശദീകരിക്കുകയും ചെയ്തു.
അധ്യാപകനും നാടകാചാര്യനുമായ അയിലൂർ ദിവാകരനേയും, ഐഎസ്ആർഒ യിൽ സേവനമനുഷ്ഠിച്ച കുട്ടൻ പുഴയ്ക്കൽ എന്നിവരെ ഗൃഹസന്ദർശനം നടത്തി ആദരിക്കുകയും ചെയ്തു.
