നിങ്ങൾക്കും അനുകരിക്കാം..! ഉപയോഗ ശൂന്യമായ ഹെൽമറ്റുകളിൽ വിജയകരമായി പച്ചക്കറികൃഷി നടത്തിയ ജോയി പരിചയപ്പെടാം

krishiതൊടുപുഴ: കൃഷി ചെയ്യാൻ സ്‌ഥലമില്ലെന്നു പരാതി പറയുന്ന നഗരവാസികൾക്കു തൊടുപുഴ വെങ്ങല്ലൂർ സിഗ്നൽ ജംഗ്ഷനിൽ ഓട്ടോ ലൈൻ എന്ന സ്‌ഥാപനം നടത്തുന്ന ജോയിയെ മാതൃകയാക്കാം. ഉപയോഗശൂന്യമായ ഹെൽമറ്റുകളിൽ വിജയകരമായി പച്ചക്കറികൃഷി നടത്തിയിരിക്കുകയാണ് ഇദ്ദേഹം. തന്‍റെ വ്യാപാരസ്‌ഥാപനത്തിലെത്തുന്ന എല്ലാവർക്കും കാണാനാവുന്നതു കടയോടു ചേർന്നു 51 ഹെൽമറ്റുകളിൽ പച്ചമുളക് കായ്ച്ചുകിടക്കുന്നതാണ്.

നാളുകൾക്കു മുമ്പു വരെ വെണ്ടയും വഴുതനയും തക്കാളിയും പൈനാപ്പിളും വരെ ഹെൽമറ്റിനുള്ളിൽ സുരക്ഷിതമായി വിളയിച്ചെടുത്തതു ജോയിയുടെ കൃഷിയിടത്തിലെ കൗതുകക്കാഴ്ചയാണ്. വർഷങ്ങൾക്കു മുമ്പു ഇരുചക്ര വാഹനത്തിന്‍റെ റൂമായിരുന്നു ജോയി നടത്തിയിരുന്നത്. ഷോറൂമിന്‍റെ പ്രവർത്തനം അവസാനിച്ചപ്പോൾ ഉപയോഗ ശൂന്യമായ നിരവധി ഹെൽമറ്റ് മിച്ചംവന്നു.

ഇതുമായി ജോയി ആക്രി കച്ചവടക്കാരനെ സമീപിച്ചെങ്കിലും അവർ ഹെൽമറ്റുകൾ വാങ്ങാൻ തയാറായില്ല. തുടർന്നു ഈ ഹെൽമറ്റുകൾ എങ്ങനെ നശിപ്പിച്ചുകളയും എന്ന ആലോചിച്ചു. മണ്ണിൽ എത്രനാൾ വേണമെങ്കിലും നശിക്കാതെ കിടക്കുന്ന ഹെൽമറ്റ് എന്തുകൊണ്ട് ചെടികൾ നടാൻ ഉപയോഗിച്ചുകൂടാ എന്ന ചിന്തയാണ് നൂതന കൃഷിരീതി പരീക്ഷിക്കാൻ ജോയിക്ക് പ്രേരണയായത്. മൂന്നു ഹെൽമെറ്റിൽ തുടങ്ങിയ കൃഷി ഇപ്പോൾ 51 ഹെൽമറ്റിൽ എത്തിനിൽക്കുന്നു.

ഹെൽമറ്റിനുള്ളിൽ മണ്ണ് നിറച്ചാണ് ചെടിനടുന്നത്. എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ നിശ്ചിത അളവിൽ മണ്ണിൽ ചേർത്തശേഷമാണു ഹെൽമറ്റിൽ മണ്ണ് നിറയ്ക്കുന്നത്. വിളവെടുക്കാൻ പാകമായി നില്ക്കുന്ന പച്ചമുളകിനു ആഴ്ചയിൽ ഒരു തവണ ചാണകം പുളിപ്പിച്ചു ഒഴിക്കുകയും ദിവസവും വെള്ളമൊഴിക്കുകയും മാത്രമാണു ചെയ്യുന്നത്. ഹെൽമറ്റ് കൃഷിയെക്കുറിച്ചറിയാവുന്നവർ ജോയിയെ വിളിച്ചുവരുത്തി പഴയ ഹെൽമറ്റുകൾ നൽകാറുണ്ട്.

നാട് മുഴുവൻ നടന്ന് ഹെൽമറ്റ് ശേഖരിക്കുന്നത് കണ്ട് പണ്ട് മൂക്കത്ത് വിരൽ വച്ചവരൊക്കെ ഇപ്പോൾ ജോയിയുടെ കൃഷിയിടത്തിൽ എത്തി അദ്ഭുതപ്പെടുകയാണ്. പകൽ സമയങ്ങളിൽ കൃത്യമായ ഇടവേളകളിൽ ചെടികൾ നനച്ചുകൊടുക്കണം. അൽപം ശ്രദ്ധയും പരിചരണവും കൊടുത്താൽ നല്ല വിളവ് ലഭിക്കുമെന്നു ജോയി പറഞ്ഞു.

ഉപോഗശൂന്യമായ വസ്തുക്കൾ വലിച്ചെറിയാതെ ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുത്തണമെന്നാണ് ജോയിയുടെ പ്രത്യയശാസ്ത്രം. ഹെൽമറ്റ് കൃഷി കൂടാതെ ചെറിയ ഒരുവീപ്പയിൽ തന്നെ ആൽ, ബദാം, പ്ലാവ്, മഞ്ചാടി എന്നി മരങ്ങളും ജോയി വളർത്തുന്നു. മൂന്നിനങ്ങളും ഒരുമയോടെ ഒരേ ചുവട്ടിൽനിന്ന് വെള്ളവും വളവും ശേഖരിച്ച് വളരുകയാണ്. കത്തിച്ചോ പൊട്ടിച്ചോ കളയാനാവാത്ത ഹെൽമറ്റിലെ കൃഷി മറ്റുള്ളവർ മാതൃകയാക്കണമെന്നും ജോയി പറയുന്നു.

Related posts