നടിയുടെ പക്കല്‍ ഇത്രയും പണം എത്തുമെന്ന് സുനി എങ്ങനെ അറിഞ്ഞു? ബ്ലാക്‌മെയില്‍ ചെയ്താല്‍ ഈ പണം എങ്ങനെ വാങ്ങാമെന്നാണ് കരുതിയത്? പോലീസ് തേടുന്ന ഉത്തരങ്ങള്‍ ഇതൊക്കെ

pulserനടിയെ തട്ടിക്കൊണ്ടുപോയി വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പോലീസ് അന്വേഷണം ചില ചോദ്യങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നു. നടിയെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി തന്റേതു മാത്രമാണെന്നു പിടിയിലായ പള്‍സര്‍ സുനി പറയുമ്പോഴും പോലീസ് ഇത് അത്രയ്ക്കങ്ങ് വിശ്വസിക്കുന്നില്ല. രണ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള അന്വേഷണമാണ് പ്രധാനമായും പോലീസ് നടത്തുന്നത്. നോട്ട് നിരോധനത്തിനുശേഷം സിനിമയിലെ പ്രതിഫലം അടക്കമുള്ള സാമ്പത്തിക ഇടപാടുകള്‍ ബാങ്കു വഴിയാക്കിയിരുന്നു. താരങ്ങള്‍ക്ക് അടക്കം പ്രതിഫലം നല്കുന്നത് അക്കൗണ്ടിലൂടെയാണ്. ഈ സാഹചര്യത്തില്‍ നടിയെ ബ്ലാക്‌മെയ്ല്‍ ചെയ്താല്‍ 50 ലക്ഷം രൂപ എങ്ങനെ കൈപ്പറ്റാമെന്നാണ് സുനില്‍ കരുതിയത്? ബാങ്ക് വഴിയല്ലാതെ ഇത്രയും തുക നല്കാന്‍ നടിയുടെ കൈയിലുണ്ടെങ്കില്‍ അക്കാര്യം പ്രതി എങ്ങനെ അറിഞ്ഞു.

വലിയ റിസ്കുള്ള കാര്യമായതിനാല്‍ നടിയുടെ കൈയില്‍ ഇത്ര അധികം പണമെത്തുമെന്ന കാര്യം സുനിയെ അറിയിച്ചതാരാണ്. നടിയുടെ നീക്കങ്ങളെല്ലാം സുനിക്ക് കൃത്യമായി ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നടിയുമായി അടുത്ത ബന്ധമുള്ള ആളുകള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. അടുത്തകാലത്ത് നടി നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് അവരില്‍ നിന്ന് ചോദിച്ചറിഞ്ഞിരുന്നു. മറ്റു വഴിക്കും പോലീസ് ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിയും ഇപ്പോള്‍ സിനിമയില്‍ സജീവമല്ലാത്ത ഒരു നടിയും ചേര്‍ന്ന് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പണം നിക്ഷേപിച്ചതായി വിവരമുണ്ട്. ഇക്കാര്യങ്ങളെല്ലാം പോലീസ് വിശദമായി തന്നെ പരിശോധിക്കുന്നുണ്ട്.

അതേസമയം, പള്‍സര്‍ സുനിയുമായി അടുപ്പമുള്ള കടവന്ത്രയിലെ കാമുകിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ബ്യൂട്ടിപാര്‍ലറും വസ്ത്രശാലയും നടത്തുന്ന യുവതിയെയാണ് പോലീസ് ചോദ്യം ചെയ്തത്. സുനിയുമായി ഈ യുവതിക്ക് വര്‍ഷങ്ങളായി ഗാഢബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം. പാലായിലെ തട്ടിപ്പ് കേസില്‍ സുനി ജയിലിയായപ്പോള്‍ ഇവര്‍ അവിടെയെത്തി സന്ദര്‍ശിച്ചതായും വിവരം കിട്ടിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ യുവതിക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണം. നേരത്തെ ഒരു സ്ത്രീയാണ് തനിക്ക്  ക്വട്ടേഷന്‍ നല്‍കിയതെന്ന് നടിയോട് സുനി പറഞ്ഞതായി പോലീസിന് വിവരം കിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് യുവതിയെ ചോദ്യം ചെയ്യുന്നത്. ആലപ്പുഴ സ്വദേശിനിയായ ഇവര്‍ക്ക് സുനിയെ കൂടാതെ മറ്റു ചിലരുമായി ബന്ധമുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

Related posts