കെഎസ്ആർടിസിയും ബൈക്കും കൂട്ടിയിടിച്ച് കത്തി ബൈക്ക് യാത്രികൻ മരിച്ചു; യുവാവിനെ തിരിച്ചറിഞ്ഞില്ല;  ബസ് പൂർ‌ണ്ണമായും കത്തി നശിച്ചു

മൂവാറ്റുപുഴ: എംസി റോഡിൽ ഈസ്റ്റ് മാറാടി പള്ളിക്ക് സമീപം കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വാഹനങ്ങളും കത്തിനശിച്ചു. അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. തൃശൂരിൽ നിന്നും കോട്ടയത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചർ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസിനടിയിലേക്ക് കയറിപ്പോയി. ബൈക്കും യാത്രക്കാരനെയും അരക്കിലോമീറ്ററോളം റോഡിലൂടെ ബസ് നിരക്കിക്കൊണ്ടു പോയതിനിടെയാണ് തീപിടിത്തമുണ്ടായത്. ബൈക്കിന്‍റെ ടാങ്കിൽ നിന്നും ഇന്ധനം ചോർന്നാണ് തീപിടിത്തം സംഭവിച്ചതെന്നാണ് കരുതുന്നത്.

ബസിൽ 50 ഓളം യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. യാത്രക്കാരെ വളരെ വേഗം പുറത്തിറക്കാൻ കഴിഞ്ഞതാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസമുണ്ടായി.

Related posts