മൈസൂർ: മൈസൂരു നഞ്ചൻഗുഡിൽ കെഎസ്ആർടിസി ബസിനു തീപിടിച്ചു. ബംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്കു സഞ്ചരിക്കുകയായിരുന്ന ബസിനാണ് തീപിടിച്ചത്.പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. കെഎൽ 15 എ 2444 – സ്വിഫ്റ്റ് ബസ് പൂർണമായും കത്തിനശിച്ചു.
ഇന്നലെ രാത്രി 11:30 ന് ബംഗളുരുവിൽനിന്ന് യാത്രയാരംഭിച്ച ബസിൽ 44 യാത്രക്കാർ ഉണ്ടായിരുന്നു. ബസിന്റെ മുൻഭാഗത്തുനിന്നു പുക ഉയരുന്നത് മറ്റു വാഹനങ്ങളിൽ സഞ്ചരിച്ചിരുന്നവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഉടൻതന്നെ ജീവനക്കാർ യാത്രക്കാരെ ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തി പുറത്തിറക്കി.ആർക്കും പരിക്കില്ല.യാത്രക്കാരെ രാവിലെ ഏഴു കഴിഞ്ഞപ്പോൾ സുൽത്താൻ ബത്തേരിയിൽ എത്തിച്ചു.തീപിടിത്തത്തിന്റെ കാരണങ്ങൾ വ്യക്തമല്ല.സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
