കുട്ടനാട്: കായൽപ്പുറം സെന്റ് ജോസഫ്സ് പള്ളിയിൽ 1975 ഡിസംബർ 22 മുതൽ എല്ലാ ബുധനാഴ്ചയും മുഴങ്ങിക്കേൾക്കുന്ന മധ്യസ്ഥ പ്രാർഥന ചൊല്ലാൻ തുടങ്ങിയിട്ട് അന്പതാണ്ട്. ഈ പ്രാർഥനയെഴുതിയത് പുരോഹിതരോ മെത്രാന്മാരോ ഒന്നുമല്ല, ഇടവകാംഗം തന്നെ. ടി.ടി. തോമസ് തുണ്ടയിൽ. കായൽപ്പുറം പള്ളിയിൽ ഇദ്ദേഹമെഴുതിയ മധ്യസ്ഥ പ്രാർഥന ചൊല്ലാൻ തുടങ്ങിയിട്ട് അന്പതാണ്ട് തികയുന്പോൾ തോമസിനുമിത് അഭിമാന നിമിഷമാണ്.
1970കൾ ചങ്ങനാശേരി അതിരൂപതയിൽ ഉണർവിന്റെ കാലമായിരുന്നു. യുവജനങ്ങൾ പ്രാർഥനാ ജീവിതത്തോട് കൂടുതൽ താത്പര്യം കാട്ടിയ കാലമെന്ന് ടി.ടി. തോമസ്. അങ്ങനെയാണ് 1975ൽ അന്നത്തെ വികാരിയായിരുന്ന ഇമ്മാനുവൽ നെല്ലുവേലി അച്ചന്റെയും യുവദീപ്തി പ്രവർത്തകരുടെയും താത്പര്യ പ്രകാരം പുതിയ
മധ്യസ്ഥ പ്രാർഥനയ്ക്ക് തോമസ് രൂപം നൽകുന്നത്. ഗാനങ്ങൾക്ക് ബാബു പരുവപ്പറമ്പിൽ ഈണം നൽകി. കൈയെഴുത്തു പ്രതിയുമായി അംഗീകാരത്തിനു വേണ്ടി അന്നത്തെ സഹായ മെത്രാനായിരുന്ന മാർ ജോസഫ് പവ്വത്തിലിനെയാണ് സമീപിച്ചത്.
പ്രാർഥന കണ്ട് സന്തുഷ്ടനായ അദ്ദേഹം 1975 ഡിസംബർ 22 ബുധനാഴ്ച മുതൽ പള്ളിയിൽ മധ്യസ്ഥ പ്രാർഥന നടത്തുന്നതിനുള്ള അനു വാദം നൽകിയത് ടി.ടി. തോമസ് അഭിമാനത്തോടെ ഓർക്കുന്നു. തുടർന്ന് വിവിധ പള്ളികളിൽ ഈ മധ്യസ്ഥ പ്രാർഥന ചൊല്ലിത്തുടങ്ങി. മധ്യസ്ഥപ്രാർഥന ആരംഭിച്ച ദിനം മുതൽ എല്ലാ ബുധനാഴ്ചയും പതിവായി കായൽപ്പുറം പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥപ്രാർഥന നടക്കുന്നത് ദൈവം തന്നിലൂടെ പ്രവർത്തിച്ച അടയാളമായാണ് ടി.ടി. തോമസ് കരുതുന്നത്.
