മുംബൈ: അഴിമതിക്കേസിൽ ജയിൽശിക്ഷയ്ക്കു വിധിക്കപ്പെട്ട മഹാരാഷ്ട്ര മന്ത്രിയും എൻസിപി (അജിത് പവാർ) നേതാവുമായ മണിക്റാവു കൊകാതെ രാജിവച്ചു.
1995ലെ സർക്കാർ ഭവന കുംഭകോണക്കേസിൽ കൊകാതെയെ രണ്ടു വർഷം തടവിനു ശിക്ഷിച്ച ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് നാസിക് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ചൊവ്വാഴ്ച ശരിവച്ചിരുന്നു.
ഭവനപദ്ധതിയിൽ സാന്പത്തികമായി പിന്നാക്കമായവർക്കുള്ള (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണം ദുരുപയോഗം ചെയ്ത കേസിൽ മണിക്റാവു കൊകാതെയും സഹോദരൻ വിജയും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു.
രണ്ടു വർഷം ശിക്ഷ ലഭിച്ചതോടെ മണിക്റാവു കൊകാതെ നിയമസഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കപ്പെട്ടു. കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളാണ് കൊകാതെ കൈകാര്യം ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ വകുപ്പുകൾ അജിത് പവാർ ഏറ്റെടുത്തു.
