തച്ചങ്കരി വാക്ക് തെറ്റിച്ചില്ല! പതിവിന് വിപരീതമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം; സമൂഹമാധ്യമങ്ങളിലൂടെ സന്തോഷം പങ്കുവച്ച് ജീവനക്കാരും

അങ്ങനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു നല്‍കിയ വാക്കുപാലിച്ച് എംഡി ടോമിന്‍ തച്ചങ്കരി. ഇത്തവണ 30നു തന്നെ ശമ്പളം നല്‍കുമെന്ന പ്രഖ്യാപനമാണു തച്ചങ്കരി യാഥാര്‍ഥ്യമാക്കിയത്. പെന്‍ഷന്‍ തുകയും കൃത്യസമയത്തു നല്‍കാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പളവും പെന്‍ഷനും വൈകുന്നതു പതിവായിരിക്കെയാണു ജീവനക്കാര്‍ക്ക് അപ്രതീക്ഷിതമായി, അതും തൊഴിലാളി ദിനത്തില്‍ കൃത്യസമയത്തു ശമ്പളം ലഭിച്ചത്.

എല്ലാ മാസവും അവസാന പ്രവൃത്തിദിവസമാണു ശമ്പളം നല്‍കേണ്ടതെങ്കിലും കുറച്ചുകാലമായി ഒരാഴ്ചയിലേറെ വൈകാറുണ്ട്. എന്നാല്‍, പതിവിനു വിപരീതമായി ഏപ്രിലിലെ അവസാന പ്രവൃത്തിദിനമായ തിങ്കളാഴ്ച ഉച്ചയോടെ അക്കൗണ്ടില്‍ ശമ്പളം വന്നതിന്റെ സന്ദേശം ജീവക്കാര്‍ക്കു മൊബൈലില്‍ കിട്ടിത്തുടങ്ങി.

സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ജീവനക്കാര്‍ സന്തോഷം പങ്കുവച്ചു. തച്ചങ്കരി ചുമതലയേറ്റ ശേഷം ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ ശമ്പളം വൈകുന്നതിലാണു ഏറെ പരാതികളുണ്ടായത്. തുടര്‍ന്നു തച്ചങ്കരി സര്‍ക്കാരുമായി ബന്ധപ്പെട്ടു ശമ്പളത്തിനുള്ള തുക മുന്‍കൂറായി ലഭ്യമാക്കുകയായിരുന്നു.

 

Related posts