ബല്ലാത്ത ധൈര്യം തന്നെ പഹയന്മാരെ ! ഒരു ചക്രമില്ലാതെ കെഎസ്ആര്‍ടിയുടെ സാഹസിക യാത്ര ! ഏഴു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍…

പിന്നിലെ നാലുചക്രങ്ങളില്‍ ഒന്നില്ലാതെ ബസ് സര്‍വീസ് നടത്തിയ സംഭവത്തില്‍ ഏഴ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. കെഎസ്ആര്‍ടിസി നിലമ്പൂര്‍ ഡിപ്പോയിലെ ഏഴ് ജീവനക്കാര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.

മെക്കാനിക്കുമാരായ കെ പി സുകുമാരന്‍, കെ അനൂപ്, കെ ടി അബ്ദുള്‍ ഗഫൂര്‍, ഇ രഞ്ജിത്ത്‌ കുമാര്‍, എ പി ടിപ്പു മുഹ്‌സിന്‍, ടയര്‍ ഇന്‍സ്പെക്ടര്‍ എന്‍ അബ്ദുള്‍ അസീസ്, ഡ്രൈവര്‍ കെ സുബ്രഹ്മണ്യന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സംഭവം ഉണ്ടായത്. 2021 ഒക്ടോബര്‍ ഏഴിന് നിലമ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ടിടി ഓര്‍ഡിനറി ബസിന്റെ പിന്നില്‍ വലതുഭാഗത്ത് ഒരു ടയര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ സി. ബാലന്‍ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഏഴ് ജീവനക്കാരെ കെഎസ്ആര്‍ടിസി എം.ഡി സസ്‌പെന്‍ഡ് ചെയ്തത്.

ഡ്രൈവറും കണ്ടക്ടറുമാണ് യാത്രക്കിടെ പിഴവ് കണ്ടെത്തിയത്. എന്നാല്‍,കോഴിക്കോട്ടേക്ക് ബസ് പുറപ്പെടുന്നതിന്റെ തലേ ദിവസം വരെ ബസ് വര്‍ക്ക്ഷോപ്പിലായിരുന്നു.

ബസിന്റെ സ്പ്രിങ്സെറ്റ് ക്രമീകരിക്കുന്നതിന് ഡ്യൂട്ടി ചാര്‍ജ്മാന്‍ മെക്കാനിക്കുകളോടു നിര്‍ദേശിച്ചു. മെക്കാനിക്കുകള്‍ അതനുസരിച്ച് പ്രവര്‍ത്തിച്ചെങ്കിലും ചാര്‍ജ്മാന്‍ ഈ ബസിന്റെ ലോഗ്ഷീറ്റ് വാങ്ങി ജോലി രേഖപ്പെടുത്തുകയോ അതിനുള്ള നിര്‍ദേശം മെക്കാനിക്കുകള്‍ക്കു നല്‍കുകയോ ചെയ്തിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ബസിന്റെ സ്പ്രിങ്‌സെറ്റ് ക്രമീകരിച്ച വിവരം ലോഗ്ഷീറ്റില്‍ രേഖപ്പെടുത്തിയില്ല. ഈ ബസിന്റെ ഒരു ടയര്‍ ഊരി മറ്റൊരു ബസിനിടാന്‍ നിര്‍ദേശിച്ച ടയര്‍ ഇന്‍സ്പെക്ടറും ബസ് എവിടെയെന്നോ ലോഗ്ഷീറ്റ് എവിടെയെന്നോ അന്വേഷിച്ചതുമില്ല.

ബസ് ഓടിച്ചുനോക്കി സര്‍വീസിനു യോഗ്യമാണോ എന്നു പരിശോധിക്കേണ്ട വെഹിക്കിള്‍ സൂപ്പര്‍വൈസറുടെ ചുമതല വഹിച്ച ഡ്രൈവറും വീഴ്ചവരുത്തിയതായി ഡിപ്പോതല അന്വേഷണത്തില്‍ കണ്ടെത്തി.

Related posts

Leave a Comment