എവിടെയൊക്കെയോ പിടിവിട്ട “ലക്ഷ്യം’

lakshyam1ചില കഥകൾ അങ്ങനെയാണ്. തൂലികയിൽ വിരിയുംപോലെ ദൃശ്യവത്കരിക്കുക അസാധ്യം. അത്തരമൊരു ത്രഡിനാണ് ജിത്തു ജോസഫ് തന്നാൽ കഴിയും വിധമുള്ള തിരക്കഥാ ഭാഷ്യം നല്കിയത്. ലക്ഷ്യം തെറ്റി പോകാവുന്ന കഥയെ ലക്ഷ്യത്തിലേക്ക് നയിക്കാൻ തിരക്കഥാകൃത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം കഥയെ സിനിമാറ്റിക് ആക്കി മാറ്റാനുള്ള നുറുക്കുവഴികൾ പരീക്ഷിക്കാൻ സംവിധായകൻ അൻസാർ ഖാൻ മടിച്ചപ്പോൾ ത്രില്ലർ ചിത്രം പലയിടത്തും ഇഴഞ്ഞു നീങ്ങി. ഇതുപോലൊരു കഥയെ ആദ്യ സംവിധാന സംരംഭത്തിൽ അൻസാർ ഖാൻ ഒരുവിധത്തിൽ ലക്ഷ്യത്തിൽ എത്തിച്ചുവെന്ന് പറയാൻ മാത്രമേ സാധിക്കൂ. കുറ്റവാളികളും കാടും സസ്പെൻസും എല്ലാം സംവിധായകൻ കൃത്യമായ ഇടങ്ങളിൽ സംയോജിപ്പിച്ചിട്ടുണ്ടെങ്കിലും ഒഴുക്കില്ലാത്ത പുഴയിൽ പെട്ട പൊങ്ങുതടിപോലെ ചിത്രം ചിലയിടങ്ങളിൽ സ്റ്റക്കായി നിൽക്കുന്നുണ്ട്.

മനസുകൾ തമ്മിലുള്ള സംഘർഷത്തെ ചിത്രീകരിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. കഥയ്ക്കുള്ളിലെ ഉൾകഥകളുടെ അലട്ടൽ ഓരോരുത്തരെയും സ്ക്രീനിലേക്ക് കണ്ണുംനട്ടിരിക്കാൻ പ്രേരിപ്പിക്കും. കണ്ണു തെറ്റിയാൽ കഥയുടെ പോക്കിന് അനുസരിച്ച് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥ. ബിജുമേനോൻ മുസ്തഫയായും ഇന്ദ്രജിത്ത് വിമലായും ചിത്രത്തിൽ വേഷമിടുന്പോൾ ഇതുവരെ കാണാത്ത ഒരു കോന്പിനേഷൻ കൂടി മലയാള സിനിമയ്ക്ക് കിട്ടുകയായിരുന്നു.

ഒരു അപകടവും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. കുറ്റവാളികളായ രണ്ടുപേർ അപകടം വഴി കിട്ടുന്ന അവസരം മുതലെടുക്കാൻ ശ്രമിക്കുന്നിടത്തു നിന്നാണ് കഥ തുടങ്ങുന്നത്. മുൻപരിചയമില്ലാത്ത ഇരുവരുടെയും മനസിലെ ചിന്തകളെ കൂട്ടുപിടിച്ചുള്ള കാട്ടിലൂടെയുള്ള സഞ്ചാരം ചിത്രത്തിന് പുതിയ മാനം നല്കുന്നുണ്ട്.

ലക്ഷ്യത്തിന്‍റെ രണ്ടു മണിക്കൂറിലെ ഏറിയ പങ്കും മുസ്തഫയും വിമലും തമ്മിലുള്ള സംഭാഷണങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. കാട്ടിൽ അകപ്പെട്ട ഇരുവരുടെയും ചിന്തകളും ലക്ഷ്യങ്ങളും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്നതാണെങ്കിലും ഒരേ വിലങ്ങിൽ കൂട്ടിയിണക്കി സംവിധായകൻ ഇരുവരേയും വരുതിയിൽ നിർത്തി.

രക്ഷപ്പെടലിനിടയിലുള്ള സഞ്ചാരത്തിനിടയിൽ ഇരുവരും പരസ്പരം അറിയാൻ ശ്രമിക്കുന്ന കാഴ്ചകളെ കൂട്ടുപിടിച്ചാണ് ഉൾക്കഥകളുടെ ചുരുളഴിയുന്നത്. സീരിയസ് റോളും കോമഡിയും ഒരേപോലെ കൈകാര്യം ചെയ്യാനുള്ള ബിജുമേനോന്‍റെ മിടുക്ക് ലക്ഷ്യത്തിലും ദൃശ്യമാകുന്നുണ്ട്. ഇതൊരു സീരിയസ് ചിത്രമാണെന്ന് തോന്നൽ ഉളവാക്കുന്നത് ഇന്ദ്രജിത്താണ്. ചിത്രത്തിന്‍റെ മുക്കാൽ ഭാഗത്തും ഒരേ ഭാവം ഇന്ദ്രജിത്ത് തുടർന്നപ്പോൾ ചിത്രത്തിന്‍റെ ഗൗരവം താനെ കൈവിട്ടു പോയി.

ഫ്ളാഷ് ബാക്കുകളുടെ കെട്ടഴിഞ്ഞ് ഒരാൾ മറ്റൊരാളുടെ ജീവിതത്തെ മനസിലാക്കുന്നിടത്താണ് ജിത്തു ജോസഫ് സ്പെഷലായ ട്വിസ്റ്റ് രംഗപ്രവേശം ചെയ്യുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് ശിവദയാണ്. വലിയ സ്ക്രീൻ സ്പേസൊന്നും നായികയ്ക്കില്ലെങ്കിലും കിട്ടിയ വേഷം ഒതുക്കത്തോടെ ചെയ്യാൻ ശിവദയ്ക്കായി. മനുഷ്യ മനസിലെ വിചാരങ്ങളും ആഗ്രഹങ്ങൾ ലക്ഷ്യത്തിൽ വ്യത്യസ്തമായി ദൃശ്യവത്കരിച്ചിട്ടുണ്ട്. പിരിമുറുക്കം ഉണ്ടാക്കുന്ന ഇത്തരം രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റ്. ഫ്ളാഷ് ബാക്കുകൾക്കിടയിലൂടെ ഒരു പാട്ട് ഒഴുകി വരുന്പോഴാണ് പ്രേക്ഷകന് ശ്വാസം വിടാൻ സമയം ലഭിക്കുന്നത്.

ആദ്യപകുതിയിൽ വരുതിയിൽ നിന്ന സിനിമ പക്ഷേ, രണ്ടാം പകുതിയിൽ വഴുതിപ്പോകുന്നതാണ് സ്ക്രീനിൽ കാണുന്നത്. ഒന്നാന്തരമൊരു ട്വിസ്റ്റിലൂടെ ചിത്രം അതിവേഗ പാതയിലേക്ക് സഞ്ചരിക്കാൻ പോകുന്നുവെന്ന് തോന്നൽ ഉണ്ടാക്കുന്നുണ്ടെങ്കിലും പാതിവഴിയിൽ വച്ച് ചിത്രത്തിന്‍റെ ത്രില്ലിംഗ് മൂഡ് എവിടെയോ കളഞ്ഞുപോയി. വരിഞ്ഞു മുറുക്കിയ കഥയെ ടൈറ്റാക്കി നിർത്തിയതത്രയും കാട്ടിലെ കാഴ്ചകൾ തന്നെയാണ്. സിനു സിദ്ധാർഥിന്‍റെ കാമറ കാട്ടിലൂടെയുള്ള സഞ്ചാരത്തിന് വേറിട്ട പാത ഒരുക്കിയപ്പോൾ അരോചകമെന്ന് തോന്നുന്ന ഒരു കാഴ്ച പോലും ചിത്രത്തിൽ ദൃശ്യമായില്ല.

കഥയും ഉൾക്കഥയും പിന്നെ ട്വിസ്റ്റുകളും സസ്പെൻസുമെല്ലാം പാകത്തിനൊത്ത് സിനിമയിലുണ്ടെങ്കിലും രണ്ടു മണിക്കൂറോളം പിടിച്ചിരുത്താനുള്ള സംഭവങ്ങൾ ഒന്നിപ്പിക്കുന്നതിൽ സംവിധായകന് വീഴ്ച പറ്റി. ചില കഥകൾ അങ്ങനെയാണ് പിടിതന്നുവെന്ന് തോന്നിപ്പിച്ച ശേഷം കൈവിട്ടു പോകും. പക്ഷേ, ലക്ഷ്യം അൻസാർ ഖാൻ എന്ന സംവിധായകന് കൂടുതൽ ലക്ഷ്യങ്ങൾ നേടാനുള്ള ചവിട്ടുപടി തന്നെയായിരിക്കും.

Related posts