ദും ദും ദും ദുന്ദുഭിനാദം… രണ്ടാം വരവ് ഗപ്പിയില്‍

lathika-gappi

ടി.ജി.ബൈജുനാഥ്
“കാതോടു കാതോരം’ എന്ന പാട്ടിലൂടെ പ്രശസ്തയായ ഗായിക ലതികയുടെ സ്വരമാധുരിയില്‍ ഒരു പാട്ടുകൂടി പാട്ടുപ്രണ യികളിലെത്തിയിരിക്കുന്നു; 16 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം. “അതിരലിയും കരകവിയും പ്രവാഹമായ്… സ്വാതിതിരുനാള്‍ സംഗീതകോളജില്‍ ശിഷ്യരായിരുന്ന  ജോണ്‍പോള്‍ ജോര്‍ജ് സംവിധാനവും വിഷ്ണു വിജയ് സംഗീതവും നിര്‍വഹിച്ച “ഗപ്പി’യിലാണു ലതിക ടീച്ചറിന്റെ പുതിയ പാട്ട്. ശിഷ്യരുടെ ആദ്യചിത്രത്തില്‍ പാടാനായതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ലതിക ടീച്ചര്‍…

“ഗപ്പി’യിലെ പാട്ടിന്റെ കഥ..?  
പഠനകാലത്തുതന്നെ ജോണ്‍പോള്‍ ഷോര്‍ട്ട് ഫിലിമുകളെടുത്തിരുന്നു. എനിക്കൊപ്പം പഠിപ്പിച്ചിരുന്ന അമ്പലപ്പുഴ വിജയ് സാറിന്റെ മകനാണു വിഷ്ണു. അന്നുതന്നെ നന്നായി പുല്ലാങ്കുഴല്‍ വായിച്ചിരുന്ന വിഷ്ണു ഇപ്പോള്‍ ചെന്നൈയിലെ  നമ്പര്‍ വണ്‍ പുല്ലാങ്കുഴല്‍ വിദഗ്ധനാണ്. ഒരുദിവസം രണ്ടുപേരുംകൂടി എന്നെ

വിളിച്ചു -“ജോണ്‍പോള്‍ ഒരു പടം ചെയ്യുന്നുണ്ട്, ഞാനാണു സംഗീതം ചെയ്യുന്നത്, അതില്‍ ഒരു പാട്ടു പാടിത്തരുമോ..’ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയെന്നു കേട്ടപ്പോള്‍ സന്തോഷമായി. ആദ്യത്തെ പടത്തില്‍ തന്നെ അവര്‍ എന്നെ ഓര്‍ത്തുവല്ലോ. ഞാന്‍ സമ്മതിച്ചു. ജൂലൈയില്‍ എറണാകുളത്തായിരുന്നു റിക്കാര്‍ഡിംഗ്. റഫീക് അഹമ്മദിന്റെ വരികള്‍. വിഷ്ണു നന്നായി ട്രാക്ക് പാടിവച്ചിരുന്നു. ഞാന്‍ പാടിയിട്ടു പോന്നു. വിജയ് യേശുദാസ് പിന്നീടാണു പാടിയത്. ആദ്യ ദിവസം തന്നെ തിയറ്ററില്‍ പോയി പടം കണ്ടു. വെറുതേ കരയിപ്പിക്കുകയല്ല, മനസിനെ സ്പര്‍ശിക്കുകയായിരുന്നു ഗപ്പി. പുതിയ കുട്ടികള്‍ക്കും ബന്ധങ്ങളെക്കുറിച്ചു നന്നായി അറിയാം, സിനിമയിലെ ന്യൂജനറേഷന്‍കാരെ ഒന്നടങ്കം വിമര്‍ശിക്കരുത് എന്നൊക്കെ ബോധ്യപ്പെടുത്തിയ പടം.

അന്ന് യേശുദാസ്, ഇന്ന് വിജയ് യേശുദാസ്…
ആദ്യം പാടിയതു ദാസേട്ടനൊപ്പമായിരുന്നു. 1976ല്‍. കണ്ണൂര്‍ രാജന്‍ സാറിന്റെ മ്യൂസിക്കില്‍. ഐ.വി.ശശിയുടെ അഭിനന്ദനം എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാരന്‍തമ്പി സാര്‍ എഴുതിയ പുഷ്പതല്പത്തിന്‍.. എന്ന ഗാനം. 40 വര്‍ഷത്തിനുശേഷം ഇപ്പോള്‍ അദ്ദേഹത്തിന്റെ മകനൊപ്പം പാടി എന്നതു മറ്റൊരു നിയോഗം. അന്നു ദാസേട്ടനെ നേരില്‍ കണ്ട് ഒന്നിച്ചുനിന്നാണു പാടിയത്. ടെക്‌നോളജി വളര്‍ന്നതോടെ അതെല്ലാം മാറിയില്ലേ. വിജയ് പാടിയ ഭാഗം തിയറ്ററില്‍ പടം കണ്ടപ്പോഴാണു കേട്ടത്.

രണ്ടാം വരവിലെ പാട്ടുകളെക്കുറിച്ച്..?
ബല്‍റാം മട്ടന്നൂരിന്റെ “സൂര്യഭദ്രം’ എന്ന ചിത്രത്തിനു വേണ്ടിയാണ് അടുത്തിടെ ആദ്യം പാടിയത്. സംഗീതം സതീഷ് വിനോദ്. അതൊരു സോളോ ആയിരുന്നു. ആ പാട്ടിലും അമ്മ- മകന്‍ ബന്ധം തന്നെ. പി.കെ.റോസി എന്ന ചിത്രത്തിനു വേണ്ടിയാണ് പിന്നീടു പാടിയത്. കാക്കാരിശ്ശിനാടകത്തിന്റെ പാട്ട്, ഫോക്ക് സ്വഭാവത്തില്‍. സംഗീതം നല്കിയത് ഈണം വിജയ്. പക്ഷേ, ഗപ്പിയിലെ പാട്ടാണ് ആദ്യം പ്രേക്ഷകരിലെത്തിയത്. അതും ഒരു നിമിത്തം, നിയോഗം.

ഇടവേളയ്ക്കു പിന്നില്‍..?
അന്നൊക്കെ റിക്കാര്‍ഡിംഗ് മദിരാശിയിലായിരുന്നു. നാളെ രാവിലെയാണു റിക്കാര്‍ഡിംഗ് എങ്കില്‍ ഇന്നു രാത്രിയേ വിളിച്ചുപറയുകയുള്ളൂ. അപ്പോള്‍ അവിടെ ഉണ്ടെങ്കില്‍ മാത്രമേ പാടാനാവൂ. 1989 ല്‍ പാലക്കാട് ചെമ്പൈ സംഗീത കോളജില്‍ ജോലികിട്ടി നാട്ടില്‍വന്നു. അതോടെ പാട്ടുകളുടെ കാര്യത്തില്‍ കിട്ടിയതു മതി, കിട്ടുന്നെങ്കില്‍ പോകാം എന്നായി ചിന്ത. പക്ഷേ, കിട്ടിയ അവസരങ്ങള്‍ വേണ്ടെന്നു വച്ചിട്ടില്ല. പിന്നീടാണ് അമരം, വെങ്കലം, ആര്‍ദ്രം, പണ്ടു പണ്ടൊരു രാജകുമാരി എന്നിവയിലൊക്കെ പാടിയത്.

രമേഷ് നാരായണന്റെ സംഗീതത്തില്‍ ഒരു സീരിയലിനു വേണ്ടി പാടിയ ഫോക്ക് പാട്ടുകളാണ് 2000 ല്‍ തോറ്റം എന്ന സിനിമയില്‍ വന്നത്. ആരുടെയും കാലുപിടിക്കാന്‍ പോയിട്ടില്ല. ആരോടും ചാന്‍സ് ചോദിച്ചും പോയിട്ടില്ല. ഉള്ളതു മതി എന്ന സ്വഭാവക്കാരിയാണു ഞാന്‍. നമുക്കു വിധിച്ചിട്ടുള്ളത് എന്തായാലും വരും എന്ന പ്രതീക്ഷയുണ്ട്.

ഭരതന്‍സിനിമകളിലെ പാട്ടുകള്‍ …?
ഗായിക എന്ന നിലയില്‍ എനിക്ക് ഐഡന്റിറ്റി തന്നതു ഭരതേട്ടന്റെ പടങ്ങളിലെ പാട്ടുകള്‍. താരും തളിരും, പൂവേണം പൂപ്പട വേണം, ഒത്തിരിയൊത്തിരി മോഹങ്ങള്‍, ദാസേട്ടനൊപ്പം പാടിയ പുലരേ പൂങ്കോടിയില്‍, ഹൃദയരാഗതന്ത്രി മീട്ടി.. തുടങ്ങി ഏറെ പാട്ടുകള്‍. ലതിക എന്ന സിഗ്നേച്ചര്‍ കിട്ടിയതു “കാതോടു കാതോര’ത്തിലൂടെയാണ്. ലളിതച്ചേച്ചിക്കും എന്നെ വലിയ ഇഷ്ടമാണ്. ഒരുമിച്ചു ഗള്‍ഫ് ടൂറൊക്കെ പോയിട്ടുണ്ട്.

ടീച്ചറിന്റെ പല പാട്ടുകളും ചിത്രയുടെ പേരിലാണ് അറിയപ്പെടുന്നത്..?
കാതോടു കാതോരം പാടിയതു ചിത്രയെന്ന് ധരിച്ചിരിക്കുന്ന പലരുമുണ്ട് ഇപ്പോഴും. അടുത്തിടെ ചിത്ര അമേരിക്കയില്‍ പോയപ്പോള്‍ സംഘാടകര്‍ സ്വീകരണദൃശ്യങ്ങള്‍ വീഡിയോക്ലിപ്പാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അതിന് അവര്‍ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കായി കൊടുത്തതു കാതോടു കാതോരം പാട്ടും! പ്രോഗ്രാമിലും ആളുകള്‍ “കാതോടു കാതോരം..’ ചോദിച്ചു. ” അത് എന്റെ പാട്ടല്ല. എന്റെ കൂട്ടുകാരി ലതിക പാടിയതാണ്. ഞാന്‍ ഏറെ കേള്‍ക്കുന്ന പാട്ടാണ്, നല്ല പാട്ടാണ്’ എന്നൊക്കെ പറഞ്ഞശേഷം ചിത്ര പാട്ടിന്റെ പല്ലവി പാടി. ഞങ്ങള്‍ തമ്മില്‍ ഇപ്പോഴും നല്ല കൂട്ടാണ്. ചിത്ര ഇടയ്ക്കു വിളിക്കാറുണ്ട്. തമിഴ് എഴുതാനും വായിക്കാനുമൊക്കെ പഠിപ്പിച്ചതു ഞാനാണെന്നു ചിത്രതന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്.

രവീന്ദ്രന്‍ മാഷിന്റെ പാട്ടുകളില്‍…?

രവീന്ദ്രന്‍ മാഷിന്റെ ആദ്യത്തെ പടത്തിനു പാടിയതു ജെന്‍സിയും ഞാനും കൂടിയാണ്. എന്റെ ശബ്ദം ഇഷ്ടമായതോടെ പിന്നീടുള്ള ചിത്രങ്ങളിലും ഒന്നു രണ്ടു പാട്ടുകള്‍ രവീന്ദ്രന്‍ മാഷ് എനിക്കു തന്നിരുന്നു. ഒരിക്കല്‍ ദാസേട്ടനൊപ്പമുള്ള ഡ്യൂയറ്റില്‍ ജാനകിയമ്മയ്ക്കു വച്ചിരുന്ന ഭാഗം പാടാനുള്ള അവസരവും എനിക്കു തന്നു. ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന ചിത്രത്തിലെ “പൊന്‍പുലരൊളി പൂവിടുന്ന’ എന്ന പാട്ടില്‍. ഒരു ചെറിയ ഭാഗം പാടാന്‍ മാത്രമായി എങ്ങനെ ജാനകിയമ്മയെ ബുദ്ധിമുട്ടിക്കും എന്നു പറഞ്ഞ് രവീന്ദ്രന്‍ മാഷാണ് ഭരതേട്ടനോട് എന്റെ പേരു പറഞ്ഞത്.

വീട്ടുവിശേഷങ്ങള്‍…
കൊല്ലത്തു കടപ്പാക്കടയിലാണു താമസം. ഭര്‍ത്താവ് രാജേന്ദ്രന്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്നു വിരമിച്ചു. ഒരു മകന്‍, രാഹുല്‍ രാജ്. എംബിഎ കഴിഞ്ഞു ചെന്നൈയില്‍ ജോലിചെയ്യുന്നു. അവന്റെ 25 ാം പിറന്നാള്‍ ദിനമായ ഓഗസ്റ്റ് അഞ്ചിനാണ് ഗപ്പി റിലീസ് ആയത് എന്നുള്ളതു മറ്റൊരു വലിയ സന്തോഷം.

മെലഡി പ്രതീക്ഷിച്ച്…
ആദ്യകാല സംഗീത സംവിധായകന്‍ പി.എസ്. ദിവാകര്‍ മുതല്‍ ചിദംബരനാഥ്, ദക്ഷിണാമൂര്‍ത്തി, രാഘവന്‍ മാസ്റ്റര്‍, ദേവരാജന്‍ മാഷ്, എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ തുടങ്ങി ഒട്ടുമിക്ക സംഗീത സംവിധായകരുടെയും പാട്ടുകള്‍ പാടാനായതു വലിയ ഭാഗ്യം. പുതുതലമുറയില്‍ വിഷ്ണുവിജയ്‌യുടെ ഈണത്തില്‍ വരെ. ഇപ്പോള്‍ സംഗീതം പഠിപ്പിക്കുന്നുണ്ട്. ഇടയ്ക്കു സ്‌റ്റേജ് പ്രോഗ്രാംസ് ഉണ്ട്. സംഗീതാസ്വാദകര്‍ക്കുവേണ്ടി എഴുതിയ കുറിപ്പുകളുടെ സമാഹാരം 2014 ല്‍ “രാഗതരംഗിണി’ എന്ന പേരില്‍ പുസ്തകമാക്കി. സംഗീതം പഠിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഒരു പുസ്തകത്തിന്റെ എഴുത്തിലാണ് ഇപ്പോള്‍. ഡിവോഷണല്‍ റിക്കോര്‍ഡിംഗിനും ഇടയ്ക്കു പോകുന്നു. സിനിമയില്‍ ആരെങ്കിലും വിളിച്ചാല്‍ ഇനിയും പോകും; നല്ല മെലഡി തന്നെ തരുമെന്നാണു പ്രതീക്ഷ.

 ലതിക ഹിറ്റ്‌സ്
* കാതോടു കാതോരം… കാതോടു കാതോരം
* ദേവദൂതര്‍ പാടി… കാതോടു കാതോരം
* നീയെന്‍ സര്‍ഗസൗന്ദര്യമേ… കാതോടു കാതോരം
* നിലാവിന്റെ പൂങ്കാവില്‍… ശ്രീകൃഷ്ണപ്പരുന്ത്
* പൊന്നിന്‍കുടം പൊട്ടുതൊട്ടു മുന്നില്‍… എന്റെ, എന്റേതു മാത്രം
* ആയിരം മദനപ്പൂ മണം ചൊരിഞ്ഞ്… മുളമൂട്ടില്‍ അടിമ
* ആത്മസുഗന്ധം ഒളിപ്പിച്ചുവച്ച… ഭദ്രചിറ്റ
* അഭയമേകുക മാതാവേ… സ്വര്‍ണഗോപുരം
* സൗന്ദര്യസാരമോ നീ… ഒന്നും ഒന്നും പതിനൊന്ന്
* സായംസന്ധ്യതന്‍ വിണ്‍കുങ്കുമം… ഈഗിള്‍
* പാടാം ഞാനാഗാനം… രാജാവിന്റെ മകന്‍
* താരും തളിരും…ചിലമ്പ്
* പൂ വേണം, പൂപ്പട വേണം… ഒരു
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
* ദും ദും ദും ദുന്ദുഭിനാദം… വൈശാലി
* ഹൃദയരാഗതന്ത്രി… അമരം
* പുലരേ പൂങ്കോടിയില്‍… അമരം
* ഒത്തിരി ഒത്തിരി മോഹങ്ങള്‍… വെങ്കലം
* കണ്‍മണിയേ… ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
* ഓര്‍മകള്‍ വളര്‍ന്നു… ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്
* അതിരലിയും… ഗപ്പി

Related posts