തിരുവനന്തപുരം: മൂന്നാമതും പിണറായി മുഖ്യമന്ത്രിയാകുമെന്ന വാഴ്ത്തലുമായി പിണറായിയെക്കുറിച്ച് ഡോക്യുമെന്ററി നിര്മിച്ച് ഇടത് സര്വീസ് സംഘടന. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനാണ് പിണറായി ദി ലെജന്റ് എന്ന പേരില് ഡോക്യുമെന്ററി നിര്മിച്ചത്.
പിണറായിയുടെ രാഷ്ട്രീയ ജീവിതം ഉള്പ്പെടെ പ്രതിപാദിച്ചിരിക്കുന്ന ഡോക്യുമെന്ററിയില് മൂന്നാം തവണയും അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് വ്യക്തമാക്കുന്നത്. ഡോക്യുമെന്ററിയുടെ ടീസര് പുറത്തിറക്കിയിട്ടുണ്ട്. നാളെ കമലഹാസനാണ് ഡോക്യുമെന്ററി പ്രകാശനം ചെയ്യുന്നത്.
15 ലക്ഷം രൂപ ചെലവിട്ടാണ് അരമണിക്കൂര് ദൈര്ഘ്യമുള്ള ഡോക്യുമെന്ററി നിര്മിച്ചിരിക്കുന്നത്. ഇതിലും പിണറായിയെ വാഴ്ത്തിക്കൊണ്ടുള്ള ഗാനം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. സര്ക്കാരിന്റെ നാലാം വാര്ഷികം, പിണറായി വിജയന്റെ എണ്പതാം പിറന്നാള് ഇതെല്ലാം കണക്കിലെടുത്താണ് ഡോക്യുമെന്ററിയെന്നാണ് സര്വീസ് സംഘടന നേതാക്കള് വ്യക്തമാക്കുന്നത്.
പിണറായി വിജയനെ നേരത്തെ പടനായകനായി ഉള്പ്പെടെ വാഴ്ത്തുപാട്ട് പുറത്തിറക്കിയതും സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനാണ്. ഇതു നേരത്തെ ഏറെ വിവാദത്തിനും പ്രതിപക്ഷത്തിന്റെ പരിഹാസത്തിനും ഇടയാക്കിയിരുന്നു.