കാണ്പൂർ: മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി 48 മണിക്കൂറിനുള്ളിൽ രണ്ട് എൻജിനീയർമാർ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ദന്ത ഡോക്ടർ കീഴടങ്ങി. ഡോ. അനുഷ്ക തിവാരിയാണ് കീഴടങ്ങിയത്. ഉത്തർപ്രദേശിലെ കാൺപുരിൽ എംപയർ എന്ന ക്ലിനിക്കിലാണ് സംഭവം നടന്നത്. ഈ ക്ലിനിക്കിൽ ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചികിത്സ നടത്തിയ വിനീത് ദുബെ (40), മായങ്ക് കത്യാർ (30) എന്നീ എൻജിനീയർമാരാണു മരിച്ചത്.
മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം വിനീതിന്റെ മുഖം വീർത്ത് വേദന അനുഭവപ്പെട്ടിരുന്നു. മാർച്ച് 15ന് മറ്റൊരു ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. ശസ്ത്രക്രിയയ്ക്കിടെ അണുബാധയുണ്ടായെങ്കിലും മതിയായ ചികിത്സ നൽകാതിരുന്നതാണ് മരണ കാരണമെന്നാണ് നിഗമനം. ശസ്ത്രക്രിയ കഴിഞ്ഞശേഷം മായങ്ക് കത്യാറിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. അടുത്ത ദിവസം അദ്ദേഹം മരിക്കുകയുംചെയ്തു.
ഡോ. അനുഷ്ക തിവാരി, ഭർത്താവ് ഡോ. സൗരഭ് ത്രിപാഠി എന്നിവരാണ് ക്ലിനിക് നടത്തിയിരുന്നത്. ഇരുവരും ദന്ത ഡോക്ടർമാരാണ്. ഇവർക്കോ ആശുപത്രിയിലെ മറ്റ് ജീവനക്കാർക്കോ ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്യാൻ പരിശീലനം ലഭിച്ചിരുന്നില്ലെന്ന് പോലീസ് പറയുന്നു.