ഡല്‍ഹിയിലെ ലവ് കമാന്‍ഡോസിന്റെ ചുവടുപിടിച്ച് കേരളത്തില്‍ പ്രണയ സംരക്ഷണ സേന പ്രവര്‍ത്തനമാരംഭിക്കുന്നു! പ്രചോദനമായത് കെവിന്‍, നീനു പ്രണയ ദുരന്തം; സേന ലക്ഷ്യം വയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ

പ്രണയിക്കുന്നവരുടെ സംരക്ഷണം ഏറ്റെടുത്ത്, ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘ലവ് കമാന്‍ഡോസി’ന്റെ ചുവടു പിടിച്ച് കേരളത്തില്‍ പ്രണയ സംരക്ഷണ സേന പിറവിയെടുക്കാനൊരുങ്ങുന്നു. കെവിന്റെയും നീനുവിന്റെയും അവസ്ഥ ഇനിയൊരു കമിതാക്കള്‍ക്കും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ലവ് കമാന്‍ഡോസ് കേരളത്തിലേക്കും എത്തുന്നത്. സംസ്ഥാനത്തെ ഓരോ വാര്‍ഡിലും പത്തുപേരെ ഉള്‍പ്പെടുത്തിയാവും സേനയുണ്ടാക്കുക. കോഴിക്കോട് വെസ്റ്റ് ഹില്‍ പോളിടെക്നിക് ഹാളില്‍ ഈ മാസം 22ന് ആദ്യ കൂട്ടായമയും സംഘടിപ്പിക്കും.

സേനയില്‍ അംഗങ്ങളാകുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഒരു വര്‍ഷത്തിനകം ഒരുലക്ഷം പേര്‍ക്ക് പരിശീലനം നല്‍കുന്നതിലൂടെ പ്രണയിക്കുന്നവര്‍ക്ക് കാവലാകുക എന്നാണ് സംഘടന ലക്ഷ്യം വയ്ക്കുന്നത്. പ്രണയത്തിലായവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും സംഘത്തില്‍ വിദഗ്ധരുണ്ടാകും.

രാജ്യത്താകെ ഇതുവരെയും 52,000 പ്രണയവിവാഹങ്ങള്‍ ഈ സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ദുരഭിമാനക്കൊലകള്‍ ആവര്‍ത്തിക്കാതിരിക്കാനും ആത്മാര്‍ഥമായി പ്രണയിക്കുന്നവരെ ഒന്നിപ്പിക്കാനുമാണ് ഈ യത്നമെന്ന് ലവ് കമാന്‍ഡോസ് കേരള ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അനില്‍ ജോസ് പറഞ്ഞു.

Related posts