ചങ്കിടിപ്പാണ് അര്‍ജന്റീന, അന്നും ഇന്നും എന്നും! അര്‍ജന്റീനയുടെ ജേഴ്‌സിയണിഞ്ഞ്, പന്ത് കാല്‍ച്ചുവട്ടിലാക്കി, ലോകകപ്പ് ആവേശം വാരിവിതറി വൈദ്യുതിമന്ത്രി എം എം മണിയും

ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തില്‍ മുങ്ങിയിരിക്കുകയാണ് ലോകം മുഴുവന്‍. കിക്കോഫിന് മണിക്കൂറുകള്‍ മത്രം ബാക്കി നില്‍ക്കേ അത്യധികം ആകാംക്ഷയിലും ആവേശത്തിലുമാണ് മലയാളികളും. മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി പ്രമുഖര്‍ തങ്ങളുടെ ഇഷ്ട ടീമിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ അവരെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. ഇപ്പോഴിതാ ഇടുക്കിയുടെ ആവേശമായ മന്ത്രി എം എം മണിയെന്ന മണിയാശാന്‍ തന്റെ ലോകകപ്പ് ആരാധനയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു.

അര്‍ജന്റീനയുടെ ജഴ്‌സിയണിഞ്ഞു നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് മന്ത്രി എം.എം. മണി എത്തിയിരിക്കുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം നിമിഷങ്ങള്‍ കൊണ്ട് വൈറലുമായി. അര്‍ജന്റീനയുടെ ജഴ്‌സിയണിഞ്ഞു മുണ്ടുടുത്ത് ഫുട്‌ബോളില്‍ കാലും കയറ്റിവച്ചാണ് ആശാന്റെ നില്‍പ്. ചിത്രത്തോടൊപ്പം ‘ചങ്കിടിപ്പാണ് അര്‍ജന്റീന, അന്നും ഇന്നും എന്നും’ എന്ന് എഴുതിയിട്ടുമുണ്ട്.

അര്‍ജന്റീനയോടുള്ള ആരാധന നേരത്തെതന്നെ തുറന്നു പറഞ്ഞിട്ടുള്ള മണിയാശാന്‍ തന്റെ പ്രൊഫൈല്‍ ചിത്രത്തിലും ചങ്കിടിപ്പാണ് അര്‍ജന്റീനയെന്നു ചേര്‍ത്തിട്ടുണ്ട്. ചെഗുവേരയുടെ ജന്മനാടെന്നതും അര്‍ജന്റീനയോടുള്ള ആശാന്റെ ആരാധനയ്ക്കു പിന്നിലുണ്ടെന്നാണ് പലരും വിലയിരുത്തുന്നത്. ആശാന്‍ മുത്താണെങ്കിലും അര്‍ജന്റീന ശത്രുപക്ഷത്താണെന്നു ചിലര്‍. ആശാന്‍ ചങ്കും അര്‍ജന്റീന ചങ്കിടിപ്പുമാണെന്നും കമന്റുകളുണ്ട്. കൊച്ചുമകനൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന ചിത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവച്ചത്.

Related posts