ആലപ്പുഴ: ഭരണത്തുടർച്ച ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ വർഗീയത ചീറ്റുന്ന പാമ്പുകളായി ഇടതുപക്ഷ മുന്നണി മാറിയെന്ന് മഹിളാ കോൺഗ്രസ് കുറ്റപ്പെടുത്തി. അതിന്റെ ഏറ്റവും വലിയ തലവനാണ് സജി ചെറിയാനെന്നും മാപ്പുകൊണ്ടൊന്നും അതില്ലാതാകുന്നില്ലെന്നും സജി ചെറിയാൻ രാജിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വർഗീയവിഷം ചീറ്റുന്ന ഇത്തരം പാമ്പുകളെ ജനങ്ങൾ ഓലപ്പാമ്പുകളാക്കി അടുത്ത തെരഞ്ഞെടുപ്പിൽ മാറ്റുമെന്നുള്ള സൂചനയായി പ്രവർത്തകർ ഓല പാമ്പുകളെ കൂടയ്ക്കുള്ളിലാക്കി അറബിക്കടലിൽ ഒഴുക്കിക്കൊണ്ടുള്ള പ്രതീകാത്മക പ്രതിഷേധ സമരം സംഘടിപ്പിച്ചു.
കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജെ.ബി. മേത്തർ മുഖ്യപ്രഭാഷണം നടത്തി.
ആലപ്പുഴ ജില്ലാ പ്രസിഡന്റ് ബബിത ജയൻ അധ്യക്ഷയായി. സുജാ ജോൺ, രമ തങ്കപ്പൻ, സീനത്ത് നാസർ, ചന്ദ്ര ഗോപിനാഥ്, സേതുരവി, ഷീന റഫീഖ്, ചിത്രമ്മാൾ, ഷീബ യേശുദാസ്, റഹ്മത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
