അമ്പലപ്പുഴ: ഇടതു നെഞ്ചിലെടുക്കേണ്ട എക്സ്റേ വലതു നെഞ്ചിലെടുത്തെന്ന് പരാതി. വാഹനാപകടത്തിൽ പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച യുവാവിനാണ് ദുര്യോഗം. കഴിഞ്ഞ ദിവസം പായൽക്കുളങ്ങരയിൽ യുവാവ് സഞ്ചരിച്ച ബൈക്കിൽ കാറിടിക്കുകയായിരുന്നു. കാലിനും നെഞ്ചിനും ഗുരുതര പരിക്കേറ്റ യുവാവിനെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
ഇടത് നെഞ്ചിന് കലശലായ വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടർന്നാണ് എക്സ്റേ എടുക്കാൻ ഡോക്ടർ നിർദേശിച്ചത്. പിന്നീട് എക്സ് റേ എടുത്ത ശേഷം ഡോക്ടർ നടത്തിയ പരിശോധനയിൽ കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞു. എങ്കിലും നെഞ്ചിനും കാലിനും വേദന അസഹനീയമായതോടെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചതിനെത്തുടർന്ന് യുവാവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ നടത്തിയ എക്സ്റേ പരിശോധനയിലാണ് ഇടതു നെഞ്ചിൽ നീർക്കെട്ടുള്ളതായി കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവാവിന്റെ വലതുനെഞ്ചിന്റെ എക്സ്റേയാണെടുത്തത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ കാലിനു പിന്നീട് അടിയന്തര ശസ്ത്രക്രിയയും നടത്തി.
