ബാലപീഡകരെ കുടുക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരുക്കിയ ഫേസ്ബുക്ക് കെണിയില്‍ വീണത് മലയാളി; 13കാരിയെ മോഹിച്ചെത്തിയ ബാലചന്ദ്രന്‍ പിടിയിലായപ്പോള്‍ നിലവിളിച്ചത് മലയാളത്തില്‍

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ ബാലപീഡകരെ കുടുക്കാന്‍ ഒരുക്കിയ കെണിയില്‍ അങ്ങനെ മലയാളിയും വീണു. ബാലപീഡകരെ കണ്ടെത്താന്‍ ഇന്റര്‍നെറ്റിലൂടെ ചാറ്റിനെത്തുന്ന വിജിലന്റ് ഗ്രൂപ്പിന്റെ ട്രാപ്പില്‍ ആണ് ലണ്ടനിലെ ബാങ്ക് മാനേജരും വിവാഹിതനുമായ 38കാരന്‍ വീണു പോയത്. ഓണ്‍ലൈന്‍ ചാറ്റിലൂടെ ബന്ധം ഉറപ്പിച്ച ശേഷം മലയാളിയായ ബാലചന്ദ്രന്‍ 13കാരിയായ പെണ്‍കുട്ടിക്ക് വേണ്ടി മുറിയെടുത്തു കാത്തിരിക്കുമ്പോള്‍ ആണ് കെണിയില്‍ വീണത്. പതിമൂന്നു വയസ്സ് പ്രായം ഉള്ളൂ എന്ന് ഉറപ്പായിട്ടും ലൈംഗിക താല്‍പര്യത്തോടെ വന്നുവെന്ന് വ്യക്തമായതോടെ പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ബിര്‍മിംഗ്ഹാം മജിസ്‌ട്രേറ്റ് കോടതി ബാലചന്ദ്രന് 15 മാസം തടവും വിധിച്ചു. മലയാളത്തില്‍ നിലവിളിച്ചു കൊണ്ടാണ് ഇയാള്‍ ജയിലിലേക്ക് പോയത്.

പതിമൂന്നുകാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമെന്നു വിചാരിച്ച് ലണ്ടനില്‍ നിന്നും ബിര്‍മിംഗ്ഹാമില്‍ എത്തി ഹോട്ടലില്‍ മുറിയെടുത്ത ബാലചന്ദ്രന്‍ പെണ്‍കുട്ടിയെ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ വാതില്‍ തുറന്നെത്തിയത് വിജിലന്റ് ഗ്രൂപ്പ് ആയിരുന്നു. ചോദ്യം ചെയ്യല്‍ കഴിഞ്ഞതോടെ പോലീസ് എത്തി. കുടുങ്ങിയെന്നുറപ്പോയപ്പോള്‍ ബാലചന്ദ്രന്‍ പൊട്ടിക്കരഞ്ഞു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

താന്‍ പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനല്ല ലഞ്ചു കഴിക്കാനാണ് എത്തിയെന്നു പറഞ്ഞ് തടിയൂരാന്‍ നോക്കിയെങ്കിലും ചാറ്റിംഗ് ഹിസ്റ്ററി കാണിച്ചതോടെ ബാലചന്ദ്രന്‍ പെട്ടു. പെണ്‍കുട്ടി 18 വയസായെന്നു പറഞ്ഞതിനെത്തുടര്‍ന്നാണ് താന്‍ ബിര്‍മിംഗ്ഹാമിലെത്തിയതെന്ന് ബാലചന്ദ്രന്‍ മാറ്റിപ്പറഞ്ഞെങ്കിലും അതും വിജിലന്റ് ഗ്രൂപ്പ് പൊളിച്ചടുക്കി. പിന്നെയും പല തവണ മൊഴി മാറ്റിയെങ്കിലും അവസാനം സെക്‌സ് ചെയ്യാനാണ് താനിവിടെയെത്തിയതെന്ന് ബാലചന്ദ്രന് സമ്മതിക്കേണ്ടി വന്നു.

ഹോട്ടലില്‍ മുറിയെടുത്ത ബാലചന്ദ്രന്‍ മേശപ്പുറത്ത് കോണ്ടങ്ങളും പെര്‍ഫ്യൂമും വച്ച് പെണ്‍കുട്ടിയെ കാത്തിരിക്കുമ്പോഴാണ് പിടിയിലായിരുന്നത്. തിങ്കളാഴ്ചയാണ് ബിര്‍മിങ്ഹാം ക്രൗണ്‍ കോടതി അദ്ദേഹത്തെ 15 മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇതിന് പുറമെ 10 വര്‍ഷത്തെ സെക്ഷ്വല്‍ ഹാം പ്രിവന്‍ഷന്‍ ഓര്‍ഡറും നല്‍കിയിട്ടുണ്ട്. ബാലചന്ദ്രനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട ഒരു മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ഫൂട്ടേജാണ് പുറത്ത് വന്നിരിക്കുന്നത്. മൂന്ന് പീഡോഫൈല്‍ ഹണ്ടര്‍മാര്‍ അയാളെ വളഞ്ഞ് നില്‍ക്കുന്നത് കാണാം. തുടര്‍ന്ന് അവര്‍ അയാളെ ബെര്‍മിങ്ഹാമിലെ ഹോട്ടല്‍ മുറിയിലേക്ക് നയിക്കുന്നുണ്ട്. അവിടെ തന്റെ കൈകളില്‍ തലതാങ്ങി ദുഃഖത്തോടെ ഇരിക്കുന്നത് കാണാം. ആ പെണ്‍കുട്ടി യഥാര്‍ത്ഥത്തില്‍ ഇല്ലെന്നും ബാലചന്ദ്രന്‍ തങ്ങളോടാണ് ചാറ്റിയിരുന്നതെന്നും ക്യാപ്റ്റര്‍മാര്‍ വിശദീകരിക്കുന്നത് ഇവിടെ വച്ചാണ്. താന്‍ വിജിലന്റ് ഗ്രൂപ്പിനെക്കുറിച്ച് നേരത്തെ കേട്ടിരുന്നുവെന്ന് ബാലചന്ദ്രന്‍ സമ്മതിക്കുന്നുണ്ട്.

തന്റെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും ബാലചന്ദ്രന്‍ പങ്കുവയ്ക്കുന്നുണ്ട്. താന്‍ ഇന്ത്യയിലേക്ക് തിരിച്ച് പൊയ്‌ക്കൊള്ളാമെന്നും ഇയാള്‍ പറയുന്നുണ്ട്്. തുടര്‍ന്ന് ബാലചന്ദ്രനെ ഓഫീസര്‍മാര്‍ ഒരു പൊലീസ് കാറിലേക്ക് നയിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ബാചന്ദ്രനെ ജോലിയില്‍ നിന്നും പിരിച്ച് വിടുമെന്ന് സിറ്റി ബാങ്ക് വക്താവ് പ്രതികരിച്ചിട്ടുണ്ട്. ഈ വിജിലന്റ് ഹണ്ടേര്‍സ് ഗ്രൂപ്പ് ഇക്കാലത്തിനിടെ നിരവധി ബാലപീഡകരെ ഇത്തരത്തിലുള്ള തന്ത്രപൂര്‍വമായ നീക്കത്തിലൂടെ കുരുക്കിലാക്കിയിരുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളായി ചമഞ്ഞ് ഇത്തരക്കാരെ വശീകരിച്ച് നിയമത്തിന് മുന്നിലെത്തിക്കുന്നതാണ് ഈ ഗ്രൂപ്പിന്റെ വ്യത്യസ്തമായ പ്രവര്‍ത്തന രീതി. എന്തായാലും സംഭവം ബ്രിട്ടീഷ് മലയാളികള്‍ക്കാകെ നാണക്കേടായിരിക്കുകയാണ്.

 

 

Related posts