അധികൃതരുടെ അനാസ്ഥ..! ചവറയിൽ പഴയ പാലം തകർന്ന് ഒരു സ്ത്രീ മരിച്ചു; അപകട ത്തിൽ ഇരുപതോളം പേർക്ക് പരിക്ക്

ചവറ: കൊല്ലം ചവറയിൽ പഴയ ഇരുന്പുപാലം തകർന്ന് വീണ് ഒരാൾ മരിച്ചു. ചവറ സ്വദേശി ശ്യാമളാദേവിയാണ് മരിച്ചത്. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. കൊല്ലം ജില്ലാ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

പതിനൊന്നോടെയാണ് അപകടം സംഭവിച്ചത്. ചവറ കഐംഎംഎല്ലിന് സമീപം കായലിന് കുറുകെ നിന്നിരുന്ന കാലങ്ങൾ പഴക്കമുള്ള ഇരുന്പുപാലം തകർന്നു വീഴുകയായിരുന്നു. സംഭവ സമയത്ത് 20 ഓളം പേരാണ് പാലത്തിലുണ്ടായിരുന്നത്. ഇവരെല്ലാം കായലിൽ വീണു. നല്ല ആഴമുള്ള ഭാഗമാണിതെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാരാണ് വെള്ളത്തിൽ വീണവരെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്യാമളാദേവി ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരിച്ചു.

പഴയ ഇരുമ്പുപാലം പുതുക്കിപ്പണിയണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അധികൃതരുടെ കനത്ത അനാസ്ഥയാണ് ഇത്തരമൊരു ദുരന്തം വരുത്തിവച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. പാലത്തിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന പരിശോധന തുടരുകയാണ്.

Related posts