വടക്കഞ്ചേരി: ഒഴുക്കുനിലച്ച മംഗലംപുഴ ‘പച്ചപ്പുഴ’യായി മാറി. മംഗലംപാലത്തിനു താഴെ പുഴയുടെ താഴ്ന്ന ഭാഗത്ത് വെള്ളത്തിനാണ് പച്ച നിറമായിട്ടുള്ളത്. പായലുകളുടെ സാന്നിധ്യം കൂടുന്നതാണ് ഈ നിറവ്യത്യാസത്തിന് കാരണമെന്ന് ശാസ്ത്രാധ്യാപകർ പറയുന്നു.
വെള്ളം പച്ചനിറമായി പുഴ കാണാൻ ഭംഗിയുണ്ടെങ്കിലും ഇത് അപകടകരമായ സ്ഥിതിയാണ്. പുഴയിൽ മാലിന്യം അടിഞ്ഞു കൂടിയിട്ടുണ്ടെന്നതിന്റെ ഏറ്റവും ബാഹ്യമായ ലക്ഷണമാണിത്.
പ്രത്യേകിച്ച് കക്കൂസ് മാലിന്യങ്ങൾ പുഴവെള്ളത്തിൽ കലരുമ്പോൾ നൈട്രജന്റെയും ഫോസ്ഫറസിന്റെയും അളവ് അമിതമായി കൂടും.
പായലുകളുടെ മികച്ച ഭക്ഷണമാണിത്. ഇതുവഴി പായലുകൾ അനിയന്ത്രിതമായി വളരുകയും വെള്ളത്തിനു മുകളിൽ പച്ച ആവരണമായി പടരും. ഇങ്ങനെയുള്ള വെള്ളത്തിൽ ഓക്സിജന്റെ അളവ് നന്നേ കുറയും.
വെള്ളത്തിലെ മത്സ്യങ്ങളുടെയും മറ്റു ജലജീവികളുടെയും നിലനിൽപ്പും അവതാളത്തിലാക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വിദഗ്ദർ പറയുന്നു. തെളിഞ്ഞ നീല നിറത്തിലാണ് വെള്ളം കാണേണ്ടത്. ഇങ്ങനെ പച്ച കളറിൽ കാണുന്ന വെള്ളത്തിൽ കുളിക്കുകയോ തുണി കഴുകുകയോ വെള്ളത്തിൽ ഇറങ്ങുന്നതുപോലും ത്വക് രോഗങ്ങൾക്കും അലർജി മറ്റു അസ്വസ്ഥതകൾക്കും വഴിവയ്ക്കുമെന്ന് പറയുന്നു.
ചില നീല ഹരിത പായലുകൾ വിഷാംശം പുറപ്പെടുവിക്കുന്നവയുമുണ്ട്. ഇതുവഴി വയറുവേദന, ഛർദി, വയറിളക്കം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. മനുഷ്യവിസർജ്യം വെള്ളത്തിൽ കലർന്ന് കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി ഉയരുന്നതും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാണ്.
മിനി പമ്പ എന്നറിയപ്പെടുന്ന മംഗലംപാലത്ത് ശബരിമല സീസണിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് തീർഥാടകരാണ് എത്തുന്നത്. മലമൂത്ര വിസർജനമെല്ലാം പലപ്പോഴും പുഴയോരത്താണ് നടക്കുന്നത്.
പുഴയെ സംരക്ഷിക്കാൻ നടപടികളും പദ്ധതികളും വേണമെന്ന ആവശ്യവും ശക്തമാണ്. വേനൽ കടുത്തതോടെ പല ജലസ്രോതസുകളുടെയും സ്ഥിതി ഇങ്ങനെയാണിപ്പോൾ.
