ഇവരാണ് മിടുമിടുക്കര്‍! ആ മണിപ്പൂരി പെണ്‍കുട്ടികള്‍ ലോകത്തിന് മുമ്പില്‍ ഉയര്‍ത്തിയത് സ്ത്രീകളുടെ അഭിമാനം; സോഷ്യല്‍മീഡിയയില്‍ വൈറലായ ആ സംഭവം ഇങ്ങനെ


കാലം എത്ര മുന്നോട്ട് പോയിട്ടും സ്ത്രീകള്‍ ഇപ്പോഴും ഒന്നിനും കൊള്ളാത്തവരാണ് എന്ന രീതിയിലുള്ള സമീപനമാണ് ലോകത്തിന്റെ പലഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ആണ്‍കുട്ടികളുടെ ഒപ്പം, അല്ലെങ്കില്‍ അവരേക്കാളധികം എല്ലാക്കാര്യത്തിലും കരുത്തുറ്റവരാണ് ഞങ്ങള്‍ എന്ന് ലോകത്തിന് കാണിച്ചുകൊടുത്ത ഏതാനും പെണ്‍കുട്ടികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിക്കൊണ്ടിരിക്കുന്നത്.

മണിപ്പൂരിലെ സ്‌കൂള്‍ കുട്ടികളാണ് ലോകത്തിനു മുമ്പില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അഭിമാനം ഉയര്‍ത്തുന്ന പ്രകടനം കാഴ്ചവെച്ചത്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ലോക്താക് തടാകം കാണാന്‍ സ്‌കൂളില്‍ നിന്നും പുറപ്പെട്ടതാണ് ഈ പെണ്‍കുട്ടികള്‍. എന്നാല്‍ ദുര്‍ഘടമായ വഴികള്‍ താണ്ടി തടാകത്തിനടുത്തെത്തിച്ചേരാന്‍ പെണ്‍കുട്ടികള്‍ക്കായില്ല. ചെളിപുതഞ്ഞ വഴിയില്‍ അവര്‍ സഞ്ചരിച്ച ബസ്സിന്റെ ടയറുകള്‍ താഴ്ന്നുപോയി. അപരിചിതമായ സ്ഥലത്ത് ആരു സഹായിക്കാന്‍. അധികം ആലോചിച്ചു നില്‍ക്കാന്‍ മിനക്കെടാതെ പെണ്‍കുട്ടികള്‍ ഒരു തീരുമാനമെടുത്തു.

അവര്‍ നിരനിരയായി നിന്ന് മനുഷ്യച്ചങ്ങല തീര്‍ത്ത് ബസ്സ് വലിച്ച് ചെളിക്കുണ്ടില്‍ നിന്നു പുറത്തെത്തിച്ചു. ലവായ് ബീം ബീം എന്ന ട്വിറ്റര്‍ യൂസര്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് പെണ്‍കുട്ടികളുടെ ധീരത ലോകമറിഞ്ഞത്. ചിത്രം വളരെവേഗം ഇന്റര്‍നെറ്റില്‍ വൈറലാവുകയും ചെയ്തു. അറിഞ്ഞവരെല്ലാം പെണ്‍കുട്ടികളെ അഭിനന്ദനം കൊണ്ട് മൂടുകയായിരുന്നു. അപരിചിതമായ സാഹചര്യത്തില്‍ മനസാന്നിധ്യം കൈവിടാതെ തങ്ങളെക്കൊണ്ടാവുന്നത് ചെയ്യാന്‍ ആ പെണ്‍കുട്ടികള്‍ കാണിച്ച ധൈര്യത്തെയോര്‍ത്ത് അഭിമാനമുണ്ടെന്നാണ് ഭൂരിഭാഗം ആളുകളും പ്രതികരിച്ചത്.

Related posts