സിബിഐ വന്നാല്‍ പലരുടെയും ‘തലയുരുളും”, മാറാട് കലാപം ഉണ്ടാക്കിയവരുടെ ലക്ഷ്യം 500 ഏക്കര്‍ ഭൂമി ചുളുവിലയ്ക്ക് തട്ടിയെടുക്കല്‍, മുന്‍ ക്രൈംബ്രാഞ്ച് എസ്പി പ്രദീപ്കുമാര്‍ രാഷ്ടദീപികയോട്

ബാബു ചെറിയാന്‍p-2

കോഴിക്കോട്: ഒമ്പതുപേരുടെ ദാരുണ മരണത്തിനിടയാക്കിയ രണ്ടാം മാറാട് കൂട്ടക്കൊലയ്ക്കു പിന്നിലെ ക്രിമിനല്‍ ഗൂഢാലോചനയെക്കുറിച്ചു ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതില്‍ ആഹ്ലാദം പങ്കുവച്ച് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍. സിബിഐ അന്വേഷിച്ചാല്‍ പല രാഷ്ട്രീയ നേതാക്കളുടെയും തല ഉരുളുമെന്ന് ഇതേ കേസ് അന്വേഷിച്ച മുന്‍ ക്രൈംബ്രാഞ്ച് എസ്പി സി.എം.പ്രദീപ്കുമാര്‍ ദീപികയോടു പറഞ്ഞു. പ്രതികളുടെ വിദേശബന്ധം, സാമ്പത്തിക സ്രോതസ്, റിയല്‍ എസ്റ്റേറ്റ് ബന്ധം എന്നിവയെക്കുറിച്ചു താന്‍ ശേഖരിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് വിംഗിലെ(എച്ച്എച്ച്ഡബ്ല്യു) കേസ് ഡയറിയില്‍(സിഡി) ഇപ്പോഴും സുരക്ഷിതമായി ഉണ്ടെന്നും പ്രദീപ്കുമാര്‍ പറഞ്ഞു.

രണ്ടാം മാറാട് കലാപത്തിനു പിന്നിലെ ക്രിമിനല്‍ ഗൂഢാലോചന അടക്കമുള്ള വിഷയങ്ങള്‍ കേന്ദ്ര ഏജന്‍സികളെക്കൊണ്ടു വിശദമായി അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടു പൊതുപ്രവര്‍ത്തകനായ കൊളക്കാടന്‍ മൂസഹാജി 2012ല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ സി.എം. പ്രദീപ്കുമാര്‍ കക്ഷിചേര്‍ന്നതോടെയാണ് അന്വേഷണത്തിനു തയാറായി സിബിഐ മുന്നോട്ടു വന്നതും ഹൈക്കോടതിയുടെ ഉത്തരവുണ്ടായതും. മാറാട് തീരദേശത്തെ 500 ഏക്കറിലധികം ഭൂമി ചുളുവിലയ്ക്കു കൈക്കലാക്കുക എന്ന ലക്ഷ്യവുമായി കോഴിക്കോട്ടെ ചിലര്‍ വിദേശത്തുള്ള ചിലരുടെ സഹായത്തോടെ നടത്തിയ ശ്രമമാണു രണ്ടാം മാറാട് കൂട്ടക്കൊലയെന്നാണു പ്രദീപ്കുമാറിന്റെ മുഖ്യ കണ്ടെത്തല്‍. പ്രദേശത്തു ഭീതി അഴിച്ചുവിട്ട് ഒരു മതവിഭാഗത്തില്‍പെടുന്നവരെ തീരദേശ മേഖലയില്‍ നിന്നു കുടിയൊഴിപ്പിക്കാനായിരുന്നു നീക്കം.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റിന്റെ(ജിം) മറവില്‍ മാറാട്- ബേപ്പൂര്‍ മേഖലയിലെ 500 ഏക്കറില്‍പരം ഭൂമി ഏറ്റെടുത്തു ടൂറിസം-വ്യവസായ വികസനത്തിനായി കൈമാറാന്‍ നീക്കം നടന്നതായി പ്രദീപ്കുമാറിനു തെളിവുകള്‍ ലഭിച്ചിരുന്നു. സിബിഐ അന്വേഷണത്തെ തുടക്കം മുതലേ എതിര്‍ത്ത ലീഗ് നേതാവിനെയും കോഴിക്കോട്ടെ പ്രമുഖ പ്രാദേശിക നേതാവിനെയും കുറിച്ചു ചില നിര്‍ണായക വിവരങ്ങള്‍ ഇദ്ദേഹം കണ്ടെത്തിയതായും പറയുന്നു. കോഴിക്കോട്ടെ പ്രമുഖ കോണ്‍ഗ്രസ് യുവനേതാവും പാക് ചാരന്‍ ഫഹദും തമ്മില്‍ ബന്ധമുള്ളതായാണു പ്രദീപ്കുമാറിന്റെ മറ്റൊരു പ്രധാന ആരോപണം. കേരളത്തില്‍ ഒന്നര വര്‍ഷത്തോളം താമസിച്ചതിനു ശേഷമാണ് ഫഹദ് കര്‍ണാടക പോലീസിന്റെ പിടിയിലാകുന്നത്.

ഇയാള്‍ കേരളത്തിലെത്തിയതു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട് നല്‍കാനാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് യുവനേതാവും ഫഹദും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചതത്രേ. ഇതിന്റെ അടിസ്ഥാനത്തില്‍ യുവനേതാവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കടപ്പുറത്ത് ഉല്ലസിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ കടലില്‍ വീണുപോയെന്നും അതു മറ്റാരോ ഉപയോഗിച്ചതാകാം എന്നുമായിരുന്നു മറുപടി. എന്നാല്‍, ഫോണ്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചു പോലീസില്‍ പരാതിപ്പെട്ടിരുന്നില്ലെന്ന് അന്വേഷണത്തില്‍ മനസിലായി. വീണ്ടും ചോദ്യംചെയ്യാന്‍ തുനിയവേ, മേലുദ്യോഗസ്ഥന്‍ വഴി അന്നത്തെ ഒരു മന്ത്രിയുടെ വിലക്കുണ്ടായതായും പ്രദീപ്കുമാര്‍ പറഞ്ഞു.

ഗൂഢാലോചന സംബന്ധിച്ച അന്വേഷണം കൂടുതല്‍ ആഴങ്ങളിലേക്കു പോകവെ തന്നെ സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍ എസ്പിയായി മാറ്റിയതിനു പിന്നില്‍ മന്ത്രിയുടെ ഇടപെടല്‍ നടന്നതായും പ്രദീപ്കുമാര്‍ ആരോപിക്കുന്നു. 2002ല്‍ നടന്ന ഒന്നാം മാറാട് കലാപത്തിനു ശേഷം ഒരു പ്രമുഖ നേതാവിന്റെ ബന്ധുക്കള്‍ മാറാടു മേഖലയില്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതിന്റെ രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ശക്തമായി രംഗത്തുണ്ടായിരുന്ന ബിജെപി- ആര്‍എസ്എസ് നേതൃത്വം പിന്നീടു പിന്മാറിയതിനു പിന്നിലും അന്നത്തെ ഒരു മന്ത്രിയാണെന്നു പ്രദീപ്കുമാര്‍ പറയുന്നു. ഏതെങ്കിലും വ്യക്തിയേയോ സംഘടനയെയോ കേന്ദ്രീകരിച്ചാവരുത് ഇനിയുള്ള അന്വേഷണം, തീവ്രവാദ-ഐഎസ് ബന്ധമടക്കം എല്ലാം വിശദമായി അന്വേഷിക്കണം.- മുമ്പ് വര്‍ഷങ്ങളോളം സിബിഐയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സി.എം. പ്രദീപ്കുമാര്‍ പറഞ്ഞു.

Related posts