സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരആരോപണവുമായി ബാലതാരം! കോലുമിഠായിയിലെ അഭിനയത്തിന് പ്രതിഫലം നല്‍കിയില്ല; മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ദേശീയ അവാര്‍ഡ് ജേതാവ്

gauravപ്രതിഫലം തരാതെ സംവിധായകനും നിര്‍മാതാവും തന്നെ പറ്റിച്ചെന്ന ആരോപണങ്ങളുമായി മികച്ച ബാലതാരത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ബാലതാരം ഗൗരവ് മേനോന്‍. ‘കോലുമിഠായി’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വിശ്വനും നിര്‍മാതാവ് അഭിജിത് അശോകനും എതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. സാറ്റലൈറ്റ് റൈറ്റ് ലഭിച്ച ശേഷം പ്രതിഫലം നല്‍കാമെന്ന ഉറപ്പിലാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും എന്നാല്‍ പിന്നീട് കൈമലര്‍ത്തുകയായിരുന്നു എന്നും തന്റെ അവസ്ഥ മറ്റൊരു കുട്ടിക്കും ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് ഇക്കാര്യം തുറന്നു പറയുന്നതെന്നും ഗൗരവ് കൂട്ടിച്ചേര്‍ത്തു. സംഭവം വിശദീകരിക്കുന്നതിനിടെ വികാരാധീനനായ താരം പൊട്ടിക്കരയുകയും ചെയ്തു.

സിനിമയ്ക്ക് സാറ്റലൈറ്റ് റൈറ്റ് നേടാനെന്ന പേരില്‍ തന്നോട് ഒരു ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ കൊണ്ടുപോയത് മറ്റൊരു പ്രചാരണ പരിപാടിയ്ക്കായിരുന്നെന്നും ഗൗരവ് പറഞ്ഞു. സിനിമാ മേഖലയില്‍ തനിക്കെതിരെ ഇവര്‍ വ്യാപക പ്രചാരണം നടത്തുന്നുണ്ടെന്നും ഗൗരവ് മേനോന്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് ഐജി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും തങ്ങള്‍ക്ക് നല്‍കിയ എഗ്രിമെന്റ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ഗൗരവിന്റെ അമ്മ ജയ മേനോന്‍ പറഞ്ഞു. അതേസമയം, ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വിശ്വം ഗൗരവിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു. പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന ഉറപ്പിലാണ് ഗൗരവിനെ ചിത്രത്തില്‍ എടുത്തതെന്നും ഇക്കാര്യം എഗ്രിമെന്റില്‍ വ്യക്തമാക്കിയിരുന്നെന്നും ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കൂടിയായ അരുണ്‍ പറഞ്ഞു. കോലുമിട്ടായിയില്‍ അഭിനയിച്ച ആരും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അരുണ്‍ പറഞ്ഞു.

Related posts