Set us Home Page

ഖേദപ്രകടനം കൊണ്ടൊന്നും രക്ഷയില്ല മിസ്റ്റര്‍ ! എംഎല്‍എ. രാജേന്ദ്രന് കിട്ടാന്‍ പോകുന്നത് നല്ല അസ്സല്‍ പണി; ഇത്തരംകാര്യങ്ങളില്‍ സാധാരണയായി നേതാക്കളെ പിന്തുണയ്ക്കുന്ന പാര്‍ട്ടി ഇക്കുറി രാജേന്ദ്രനെ കൈവിട്ടത് ഇക്കാരണങ്ങള്‍ കൊണ്ട്…

ദേവികുളം സബ് കളക് ടര്‍ ഡോ.രേണുരാജിനെ അവഹേളിച്ച സംഭവത്തില്‍ കാര്യങ്ങള്‍ എസ്.രാജേന്ദ്രന്‍ എംഎല്‍എയുടെ കൈയ്യില്‍ നിന്നും പോയമട്ടാണ്. സംഭവത്തില്‍ ഖേദപ്രകടനം നടത്തിയെങ്കിലും രാജേന്ദ്രനെതിരേ രേണുരാജ് ഹൈക്കോടതിയില്‍ പോകാന്‍ ഉറച്ചിരിക്കുകയാണ്. കോടതിയലഷ്യം, സ്ത്രീ വിരുദ്ധ പരാമര്‍ശം, കൈയ്യേറ്റത്തിന് കൂട്ടു നില്‍ക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് എംഎല്‍എയ്ക്ക് പണി കിട്ടും. ഇത് മുന്നില്‍ കണ്ടാണ് മാപ്പ് പറയില്ലെന്ന് ഉറച്ചു നിന്ന എംഎല്‍എ നാട്ടുകാര്‍ക്ക് വേദനിച്ചെങ്കില്‍ ഖേദം പ്രകടിപ്പിച്ചത്.

അതിനിടെ സിപിഎമ്മും സിപിഐയും കോപ്രമൈസായി രേണുരാജിനെ സമീപിച്ചെങ്കിലും വഴങ്ങിയിട്ടില്ല. ഇതോടെയാണ് എംഎല്‍എ ശരിക്കും വെട്ടിലായത്. സി.പി.എമ്മും സി.പി.ഐയും തള്ളിപ്പറഞ്ഞതോടെയാണ് ഖേദ പ്രകടനവുമായി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്തെത്തിയത്. ‘അവള്‍’ എന്നതു മോശം വാക്കാണെന്നു കരുതുന്നില്ലെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ലെന്നു രാജേന്ദ്രന്‍ ആവര്‍ത്തിച്ചു.

പഴയ മൂന്നാറിലെ ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്ത് വക സ്ഥലത്ത് റവന്യു വകുപ്പില്‍നിന്ന് ആവശ്യമായ അനുമതി നേടാതെ നടത്തുന്ന കെട്ടിടനിര്‍മാണം തടഞ്ഞതിന്റെ പേരിലാണ് ‘അവള്‍ ബുദ്ധിയില്ലാത്തവള്‍…, ഐ.എ.എസ്. കിട്ടിയെന്നുപറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു…’ എന്നിങ്ങനെ രാജേന്ദ്രന്‍ അധിക്ഷേപിച്ചത്. രേണു രാജ് ഇക്കാര്യം ഉടനടി റവന്യു വകുപ്പിലെ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് ഇന്നലെ രേഖാമൂലം റിപ്പോര്‍ട്ട് നല്‍കി. കെട്ടിടനിര്‍മാണത്തിന് റവന്യു വകുപ്പിന്റെ അനുമതി വേണമെന്ന 2010ലെ ഹൈക്കോടതി ഉത്തരവ് പഞ്ചായത്ത് അവഗണിച്ചതും ജനപ്രതിനിധികള്‍ അതിനു കൂട്ടുനിന്നതുമടക്കമുള്ള സംഭവങ്ങള്‍ വിശദമാക്കി ഇന്നു ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കുമെന്നു രേണു രാജ് പറഞ്ഞു. എം.എല്‍.എക്കെതിരേ താന്‍ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും തനിക്കെതിരേയുണ്ടായ പരാമര്‍ശങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

സ്ത്രീശാക്തീകരണത്തിന്റെ പക്ഷത്തെന്ന് അവകാശപ്പെടുന്ന സര്‍ക്കാരില്‍നിന്നു തിരുവനന്തപുരത്ത് ഡി.സി.പി. ചൈത്ര തെരേസ ജോണിനുണ്ടായ ദുരനുഭവത്തിനു പിന്നാലെ സബ് കലക്ടര്‍ രേണുവിനെ സി.പി.എം. എം.എല്‍.എയായ രാജേന്ദ്രന്‍ അധിക്ഷേപിച്ചതു സാമൂഹിക മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. തുടര്‍ന്ന് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും രാജേന്ദ്രനെ തള്ളിപ്പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന്, രാജേന്ദ്രനോടു വിശദീകരണം ചോദിച്ചു ജയചന്ദ്രന്‍ കത്ത് നല്‍കി. കൈയേറ്റങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന നിയമനടപടികളില്‍ പാര്‍ട്ടി ഇടപെടില്ലെന്നു ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

ഉദ്യോഗസ്ഥയ്ക്കു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പിന്തുണ നല്‍കി. കോടതിവിധി നടപ്പാക്കാന്‍ ശ്രമിച്ച സബ് കലക്ടറുടെ നടപടി നിയമാനുസൃതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിശദീകരണം ചോദിക്കാന്‍ സി.പി.എം. സംസ്ഥാന നേതൃത്വവും തീരുമാനിച്ചതോടെയാണ് ഗത്യന്തരമില്ലാതെ രാജേന്ദ്രന്‍ ഖേദപ്രകടനം നടത്തിയത്. അപ്പോഴും, സബ് കലക്ടറുടെ പേര് പരാമര്‍ശിച്ചില്ല. ഇന്നു തിരുവനന്തപുരത്തു ചേരുന്ന എല്‍.ഡി.എഫ്. യോഗത്തില്‍ ഇക്കാര്യം സി.പി.ഐ. ഉന്നയിക്കുമെന്നാണു സൂചന. ഉദ്യോഗസ്ഥരോടു മോശം പരാമര്‍ശം നടത്തിയതായി രാജേന്ദ്രനെതിരേ മുമ്പും ആരോപണമുയര്‍ന്നിട്ടുണ്ട്. പഠിച്ചിട്ട് പ്രതികരിക്കാം എന്നതിനപ്പുറം ഒന്നും പറയാന്‍ ഇടുക്കിയില്‍നിന്നുള്ള മന്ത്രി എം.എം. മണി തയാറായില്ല.

സാധാരണഗതിയില്‍ എന്തുവിലകൊടുത്തും പാര്‍ട്ടിനേതാക്കളെ സംരക്ഷിക്കുന്ന പാരമ്പര്യമുള്ള പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ നാഴികയ്ക്കു നാല്‍പ്പതുവട്ടം നവോത്ഥാനം പറയുന്ന പാര്‍ട്ടി വനിതാ ഉദ്യോഗസ്ഥരോടു ചെയ്യുന്ന ‘ സ്ത്രീശാക്തീകരണം’ ജനങ്ങള്‍ക്കിടയില്‍ കടുത്ത അമര്‍ഷമാണുണ്ടാക്കിയിരിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഛൈത്ര തെരേസ ജോണ്‍ ഐപിഎസിനെതിരേ ചന്ദ്രഹാസമിളക്കിയായിരുന്നു പലനേതാക്കളും രംഗത്തെത്തിയത്.

അതിനു തൊട്ടു പിന്നാലെ നടന്ന ഈ സംഭവം പാര്‍ട്ടിയ്ക്ക് നല്ല ക്ഷീണമാവുകയാണ്. തുടരെത്തുടരെ സ്ത്രീവിരുദ്ധത പാര്‍ട്ടി നേതാക്കളില്‍ നിന്നു വന്നാല്‍ അത് തെരഞ്ഞെടുപ്പിനെ ബാധിക്കും എന്ന വീണ്ടു വിചാരമായിരിക്കാം രാജേന്ദ്രനെ തള്ളിപ്പറയാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതെന്ന് കരുതാം. നവോത്ഥാനത്തിന്റെ മൊത്തക്കച്ചവടക്കാരായി അവകാശപ്പെടുന്ന പാര്‍ട്ടിയുടെ എംഎല്‍എ തന്നെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നതിനെ പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS