ആലക്കോട്: കൊറിയർ വഴി എംഡിഎംഎ എത്തിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലക്കോട് സ്വദേശി എം.കെ. അദ്വൈത് (21), വെള്ളാട് സ്വദേശി അഖിൽ ജ്യോതിഷ് എന്നിവരാണ് പിടിയിലായത്. ബംഗളൂരിൽ നിന്നും ആലക്കോടേക്ക് കൊറിയർ വഴി എംഡിഎംഎ എത്തിക്കുകയായിരുന്നു.
12.510 ഗ്രാം എംഡിഎംഎയാണ് കൊറിയർ വഴി എത്തിച്ചത്. യുവാക്കളെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കൊറിയർ വിതരണ കേന്ദ്രങ്ങൾ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മലയോരത്തേക്ക് വിതരണം ചെയ്യുന്ന എംഡിഎംഎയാണ് കൊറിയർ വഴി എത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
ആലക്കോട് എസ്ഐ പ്രവീൺ, എഎസ്ഐമാരായ മുനീർ, ഹരിപ്രസാദ്, എസ്സിപിഒമാരായ അഷറഫ്, ജാബിർ, റൂറൽ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം ഉൾപ്പടെയുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
