പരവൂർ: രാജ്യത്തിനായി ധീരതയ്ക്കുള്ള മെഡലുകൾ നേടിയ സൈനികർക്ക് ആജീവനാന്ത സൗജന്യ റെയിൽവേ യാത്ര അനുവദിച്ച് കേന്ദ്ര സർക്കാർ ഉത്തരവിട്ടു.സേന മെഡൽ ജേതാക്കൾക്കും അവരുടെ പങ്കാളികൾക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. മെഡൽ ജേതാക്കൾക്കൊപ്പം ഒരാൾക്ക് കൂടി സൗജന്യമായി യാത്ര ചെയ്യാമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.മരണാനന്തര ബഹുമതി ലഭിച്ചവരുടെ കാര്യത്തിൽ, അവരുടെ മാതാപിതാക്കൾക്കോ പങ്കാളിക്കോ ഈ ആനുകൂല്യത്തിന് അർഹതയുണ്ട്.
സ്വീകർത്താവ് മരണസമയത്ത് അവിവാഹിതനായിരുന്നെങ്കിൽ മാത്രമേ മാതാപിതാക്കൾക്ക് ഈ സേവനം ലഭ്യമാകൂ. പങ്കാളികൾക്ക് പുനർവിവാഹം ചെയ്യുന്നത് വരെയാണ് ആനുകൂല്യം തുടരുക. ഇന്ത്യൻ റെയിൽവേയുടെ ഫസ്റ്റ് ക്ലാസ്, സെക്കൻഡ് എസി, എസി ചെയർ കാർ എന്നിവയിൽ ഈ ഇളവ് ലഭ്യമാകും.
ഇത് കൂടാതെവിരമിച്ച സൈനികർക്കും അഗ്നിവീർമാർക്കും റെയിൽവേയിൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേയും സൈന്യവും സംയുക്തമായി ‘സഹകരണ ചട്ടക്കൂട്’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് സിവിലിയൻ ജോലികളിലേക്കുള്ള മാറ്റം സുഗമമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഇതനുസരിച്ച് റെയിൽവേയിലെ ലെവൽ- ഒന്ന് തസ്തികകളിൽ 20 ശതമാനവും ലെവൽ- രണ്ട് തസ്തികകളിൽ പത്തു ശതമാനവും മുൻ സൈനികർക്കായി സംവരണം ചെയ്തിട്ടുണ്ട്.വിരമിച്ച അഗ്നിവീർമാർക്കായി ലെവൽ- ഒന്നിൽ 10 ശതമാനവും ലെവൽ- രണ്ടിൽ അഞ്ച് ശതമാനവുമാണ് സംവരണം.
2024, 2025 വർഷങ്ങളിലായി ആകെ 14,788 തസ്തികകളാണ് ഇത്തരത്തിൽ മാറ്റിവച്ചിരിക്കുന്നത്. ഇതിന് പുറമെ, കരാർ അടിസ്ഥാനത്തിൽ പോയിന്റ്സ്മാൻമാരായി മുൻ സൈനികരെ നിയമിക്കുന്നതിനുള്ള നടപടികളും ഒമ്പത് റെയിൽവേ ഡിവിഷനുകളിൽ ആരംഭിച്ചു കഴിഞ്ഞു.
