ഇങ്ങോട്ടേക്ക് വരരുതേ..! മെഡിക്കല്‍ കോളജിലെ ട്രോമാ കെയര്‍ ഗുരുതരാ വസ്ഥയില്‍; രണ്ടുപേരെത്തിയാല്‍ ഒരാളുടെ കാര്യം…

ALP-MEDICAL-COLLAGE-VANDANAഅമ്പലപ്പുഴ: അടിയന്തര ചികിത്സാസംവിധാനം ഒരുക്കേണ്ട ആലപ്പുഴ മെഡിക്കല്‍ കോളജിലെ ട്രോമാ കെയര്‍ സംവിധാനംതന്നെ ഗുരുതരാവസ്ഥയില്‍. ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കെത്തുന്ന അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് ഇവിടത്തെ ട്രോമാ കെയര്‍ സംവിധാനം പൂര്‍ണമായ രീതിയില്‍ ഉപയോഗിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്. അത്യാസന്ന നിലയില്‍ രണ്ടുരോഗികള്‍ എത്തിയാലും ട്രോമാ കെയറില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ല.
ദേശീയ ട്രോമ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മാനദണ്ഡമനുസരിച്ച് ലെവല്‍ രണ്ടിലുള്ള ട്രോമാ കെയര്‍ യൂണിറ്റാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലേത്. ഒരു ന്യൂറോ സര്‍ജന്‍, മൂന്ന് ഓര്‍ത്തോ പീഡിയാട്രിക് സര്‍ജന്‍, ആറ് സര്‍ജന്‍, ഏഴ് ജനറല്‍ സര്‍ജന്‍, 25 നഴ്‌സ്, 45 പാരാമെഡിക്കല്‍ സ്റ്റാഫ് തസ്തികയിലെ ജീവനക്കാരാണ് മെഡിക്കല്‍ കോളജിലെ ട്രോമ കെയര്‍ ലെവല്‍ രണ്ടില്‍ വേണ്ടത്. കൂടാതെ ആറു ബെഡുകളും മൂന്നു വെന്റിലേറ്ററുകളും വേണം എന്നതാണ് ചട്ടം. എന്നാല്‍ മെഡിക്കല്‍ കോളജില്‍ ട്രോമാ കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു തസ്തിക പോലും അനുവദിച്ചിട്ടില്ല.

നിലവില്‍ അത്യാസന്ന നിലയില്‍ ഒരുരോഗി ട്രോമ കെയറിനെ ആശ്രയിക്കുകയാണെങ്കില്‍ മറ്റൊരു രോഗിയെ അടിയന്തരമായി വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചാല്‍ ചികിത്സ നല്‍കാന്‍ കഴിയില്ല. ഗുരുതരാവസ്ഥയിലുള്ള രോഗിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്കോ എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലേക്കോ മാറ്റേണ്ടിവരും. കിലോമീറ്ററുകളോളം സഞ്ചരിച്ച് രോഗി അവിടെ എത്തുമ്പോള്‍ മരണപ്പെട്ടിരിക്കും.

ട്രോമാ കെയറിന്റെ അപര്യാപ്തതമൂലം നിരവധി പേരാണ് മരണപ്പെട്ടുള്ളത്. റോഡപകടങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ചന്ദ്രശേഖര ദാസ് കമ്മീഷന്റെ വിലയിരുത്തലില്‍ ദേശീയ പാതയില്‍ ഏറ്റവും അപകട സാധ്യത ഏറിയ റോഡുകളാണ് ആലപ്പുഴയിലേത്. െ്രെകം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം മാസം ശരാശരി 300 അപകടങ്ങളെങ്കിലും ആലപ്പുഴയുടെ ദേശീയ പാതയില്‍ ഉണ്ടാകുന്നു. അടിയന്തര ചികിത്സയ്ക്കായി സജ്ജമാകേണ്ട മെഡിക്കല്‍ കോളജ് പ്രൈമറ ഹെല്‍ത്ത് സെന്ററിനെക്കാള്‍ നിലവാര തകര്‍ച്ചയിലേക്ക് പോകുമ്പോള്‍ ഉണരേണ്ടത് സര്‍ക്കാരും ഉദ്യോഗസ്ഥ വൃന്ദങ്ങളുമാണെന്നാണ് പൊതുമതം.

Related posts