മകന്റെ നിര്‍ബന്ധത്തില്‍ മെട്രോയില്‍ കയറി; ക്ഷീണം തോന്നിയപ്പോള്‍ ഒന്നുവിശ്രമിച്ചു; ‘കൊച്ചി മെട്രോയിലെ പാമ്പ്’ പ്രചരണം തളര്‍ത്തിയത് ബധിരനും മൂകനുമായ എല്‍ദോയെ; സത്യാവസ്ഥ പുറത്തുവന്നപ്പോള്‍ മാപ്പുപറഞ്ഞ് നവമാധ്യമങ്ങള്‍

76636_1498267404കൊച്ചി മെട്രോയിലെ ‘പാമ്പി’നെ കുറിച്ചുള്ള വാര്‍ത്ത വ്യാജമെന്ന് സ്ഥിരീകരിച്ചു. കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങി എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് കേള്‍വിശേഷിയും സംസാരശേഷിയുമില്ലാത്ത എല്‍ദോ എന്ന വ്യക്തിയുടെ ചിത്രമായിരുന്നു. ഇദ്ദേഹം മദ്യപിക്കാറില്ലെന്നാണ് പുറത്തുവരുന്ന സൂചന. ഇതോടെ അപമാനിച്ചതിന് മാപ്പ് പറച്ചിലുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തി. തെറ്റ് ഏറ്റു പറഞ്ഞ് നിരവധി കളിയാക്കിയ നിരവധിയാളുകളും ക്ഷമാപണം നടത്തി.

കൊച്ചി മെട്രോയിലെ ആദ്യത്തെ പാമ്പ് എന്ന തലക്കെട്ടോടെയാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. സത്യാവസ്ഥ എന്തെന്ന് പോലും അറിയാതെ മലയാളികള്‍ അത് ആഘോഷിക്കുകയും ചെയ്തു. ജനനം  മുതല്‍ ബധിരനും മൂകനുമായ എല്‍ദോയെയാണ് ആളുകള്‍ തെറ്റിദ്ധരിച്ചത്. ഹോസ്പിറ്റലില്‍ സീരിയസ് ആയി കഴിയുന്ന തന്റെ അനിയനെ കണ്ടു വരുന്ന വഴി മകന്റെ ആവശ്യ പ്രകാരം മെട്രോയില്‍ കയറിയതായിരുന്നു എല്‍ദോയും കുടുംബവും. അനിയന്റെ അവസ്ഥയും യാത്രയുടെ ക്ഷീണവും കൂടിയായപ്പോള്‍ ആകെ തളര്‍ന്ന ഇയാള്‍ ഒന്നു മയങ്ങിയതാണ് തെറ്റിദ്ധാരണയ്ക്കിടയായത്. യാഥാര്‍ത്ഥ്യം എന്തെന്ന് അറിയാതെ ഇങ്ങനെ ഒരുപാടു വിഷയങ്ങള്‍ നമുക്ക് മുന്നില്‍ എത്തുന്നു. അതിലെ അവസാനത്തെ കണ്ണിയാണ് ഇയാള്‍. ഇനി ഇങ്ങനെ ഒന്ന് സംഭവിക്കാതിരിക്കട്ടെ. സഹോദരാ കേരള ജനത അങ്ങയോട് മാപ്പു ചോദിക്കുന്നു- ഇങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന ക്ഷമാപണങ്ങള്‍.

മരണാസന്നനായ അനുജനെ ഓര്‍ത്തുള്ള മനോവിഷമം കൊണ്ട് കിടന്നു പോയതാണ് എല്‍ദോയെന്ന് ബന്ധുക്കളും പറഞ്ഞു. സ്വന്തം അനുജന്‍ മരണത്തോട് മല്ലിടുന്നത് കണ്ടതിന്റെ വിഷമത്തിലായിരുന്നു എല്‍ദോ എന്ന് അമ്മയും പ്രതികരിച്ചു. സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആക്ഷേപങ്ങള്‍ക്കും പരിഹാസത്തിനും മറുപടി നല്‍കാന്‍ പോലും കഴിയാതെ വിഷമിക്കുകയാണ് എല്‍ദോ. മെട്രോയിലെ ‘പാമ്പ്’ ആരെന്ന അന്വേഷണം എത്തിച്ചത് അങ്കമാലി കിടങ്ങൂരിലെ വീട്ടിലേക്കാണ്. രണ്ടു കുട്ടികള്‍ക്കും സംസാരിക്കാന്‍ കഴിയാത്ത ഭാര്യയ്ക്കുമൊപ്പമാണ് ബധിരനും മൂകനുമായ എല്‍ദോയുടെ ജീവിതം. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി എല്‍ദോ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫിസിലും എല്‍ദോയെ കുറിച്ച് നല്ല അഭിപ്രായം മാത്രമാണ്. എല്‍ദോയെ അടുത്തറിയാവുന്ന നാട്ടുകാരും ഈ പാവത്തെ ഉപദ്രവിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

Related posts