ഇറങ്ങി വാടാ മക്കളേ… മംഗളുരുവില്‍ നിന്നെത്തിയ വിദ്യാര്‍ഥികളെ മധുരം നല്‍കി സ്വീകരിച്ച് മന്ത്രി; വീഡിയോ വൈറലാകുന്നു…

പൗരത്വ ഭേദഗതി നിയമത്തിനെതിരേ മംഗളുരുവില്‍ നടന്ന പ്രതിഷേധത്തിനിടെ രണ്ടു പേര്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതോടെ സ്ഥിതിഗതികള്‍ ആകെ രൂക്ഷമായി തീര്‍ന്നിരുന്നു. മലയാളി മാധ്യമപ്രവര്‍ത്തകെ അറസ്റ്റു ചെയ്തതും കേരളത്തില്‍ നിന്നുള്ളവരാണ് അക്രമം അഴിച്ചു വിട്ടതെന്ന കര്‍ണാടക മന്ത്രിയുടെ പ്രസ്താവനയും ഏറെ വിവാദം സൃഷ്ടിച്ചു.

അതിനുപിന്നാലെയാണ്, മംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചത്. മംഗളൂരുവില്‍ കുടുങ്ങി കിടന്ന വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെത്താന്‍ സാധിക്കാത്ത അവസ്ഥയായി. ഇതേ തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു. വിദ്യാര്‍ഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയിരുന്നു. പിന്നീട്, അഞ്ച് കെഎസ്ആര്‍ടിസി ബസുകളിലായാണ് മംഗളൂരുവില്‍ നിന്ന് മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചത്.

കാസര്‍കോട് ജില്ലാ ഭരണകൂടവും ആവശ്യമായ ഇടപെടലുകള്‍ നടത്തി. ഇന്നലെ രാത്രിയോടെ അഞ്ച് ബസ്സുകളിലായി മംഗളൂരുവില്‍ നിന്ന് വിദ്യാര്‍ഥികള്‍ കേരളത്തിലെത്തി. കെഎസ്ആര്‍ടിസി ബസുകളില്‍ വരുന്ന വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ എത്തി. വിദ്യാര്‍ഥികള്‍ക്ക് മധുരം നല്‍കിയാണ് അദ്ദേഹം സ്വീകരിച്ചത്. ബസിലേക്ക് നോക്കി മന്ത്രി പറയുന്നത് കേള്‍ക്കാം ‘ വാ മക്കളേ…ഇറങ്ങി വാ…ഇറങ്ങ് മക്കളേ’ ഓരോരുത്തരായി ഇറങ്ങുമ്പോള്‍ അവര്‍ക്കെല്ലാം മന്ത്രി തന്നെ മധുരം നല്‍കി.

തങ്ങളെ നാട്ടിലെത്തിക്കാല്‍ ഇടപെടലുകള്‍ നടത്തിയ സംസ്ഥാന സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും വിദ്യാര്‍ഥികള്‍ നന്ദി പറഞ്ഞു. മംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ബസ് സര്‍വീസ് നിര്‍ത്തിയതോടെ തങ്ങള്‍ തങ്ങള്‍ക്ക് നാട്ടിലെത്താനുള്ള എല്ലാ വഴികളും അടഞ്ഞെന്നും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയത് ഏറെ സഹായമായെന്നും കേരളത്തിലെത്തിയ ശേഷം വിദ്യാര്‍ഥികള്‍ പറഞ്ഞു. മന്ത്രി വിദ്യാര്‍ഥികളെ സ്വീകരിക്കുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Related posts