പ്രളയം ഉണ്ടായാല്‍ കുറേപ്പേര്‍ മരിക്കുകയും കുറേപ്പേര്‍ ജീവിക്കുകയും ചെയ്യും! വൈദ്യുതിമന്ത്രി എം എം മണിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവും ട്രോളുകളും കനക്കുന്നു

പ്രളയം ഉണ്ടായാല്‍ കുറേപ്പേര്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നത് സ്വാഭാവികമെന്ന വൈദ്യുതിമന്ത്രി എം.എം മണിയുടെ പ്രസ്താവന വിവാദത്തില്‍. ശനിയാഴ്ച നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഗ്രഹണം വരുമ്പോള്‍ ഞാഞ്ഞൂലുകള്‍ക്ക് പോലും വിഷം ഉണ്ടാവുമെന്നും, പ്രതിപക്ഷത്തിന്റെ വിമര്‍ശങ്ങളോട് പ്രതികരിക്കാന്‍ സമയമില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിമാരായ എം.എം മണിയും, മാത്യു ടി.തോമസും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന ആരോപണത്തിന് മറുപടിയായാണ് ഇരുവരും സംയുക്തമായി വാര്‍ത്താസമ്മേളനം നടത്തിയത്.

ഡാം തുറന്ന് വിട്ടതല്ല, അമിതമായ മഴയാണ് പ്രളയത്തിന് കാരണമെന്ന കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷമെങ്കിലും പ്രതിപക്ഷം വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കണമായിരുന്നുവെന്ന് മാത്യു. ടി തോമസ് അഭിപ്രായപ്പെട്ടു. പ്രളയകാലത്ത് മാധ്യമങ്ങള്‍ ചെയ്ത സേവനത്തിന് നന്ദി പറയാനും മന്ത്രിമാര്‍ അവസരം വിനിയോഗിച്ചു.

എന്നാല്‍ മന്ത്രിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് പൊതുജനങ്ങളുടെ, പ്രത്യേകിച്ച് സോഷ്യല്‍മീഡിയയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. നിരവധി ട്രോളുകളും മന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ട് ഇറങ്ങുന്നുണ്ട്.

Related posts