തിരിച്ചടിയായേക്കുമെന്ന് ഭയം! തൊഴിലസവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കണക്കുകള്‍ ഉള്‍പ്പെട്ട തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് മോദി സര്‍ക്കാര്‍ പൂഴ്ത്തി വച്ചതായി റിപ്പോര്‍ട്ട്

2014 ല്‍ അധികാരത്തിലേറുന്നതിന് മുമ്പായി ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രധാനമായിരുന്നു ഉയര്‍ന്ന തോതില്‍ തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുമെന്നത്. എന്നാല്‍ ഒട്ടും പാലിക്കപ്പെടാതെ നിലനില്‍ക്കുന്ന വാഗ്ദാനവും അത് തന്നെയാണ്. വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഇതിന്റെ പേരില്‍ രാജ്യത്ത് ഉടലെടുക്കുകയും ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കണക്കുകള്‍ കുഴപ്പം സൃഷ്ടിക്കുമെന്ന് ഭയന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് മോദി സര്‍ക്കാര്‍ പൂഴ്ത്തിവച്ചു എന്നാണ് പുറത്തു വരുന്നത്. ബി.ജെ.പി എം.പി മുരളി മനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള പാനല്‍ തയ്യാറാക്കിയ ജി.ഡി.പിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് തടഞ്ഞുവെച്ചത്. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട മോദി സര്‍ക്കാറിന്റെ അവകാശവാദങ്ങളുടെ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുന്നതാണ് റിപ്പോര്‍ട്ട്.

ഇത് ഭയന്നാണ് സര്‍ക്കാര്‍ നടപടിയെന്ന് ദ വയര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 2014ല്‍ തെരഞ്ഞെടുപ്പു പ്രചരണ വേളയില്‍ മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം ഒരു വര്‍ഷം പത്തുമില്യണ്‍ തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന റിപ്പോര്‍ട്ട് സ്വീകരിക്കാനായി വ്യാഴാഴ്ച മുരളി മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അവര്‍ അനുവദിക്കുന്നില്ലെന്നാണ് കമ്മിറ്റി അംഗങ്ങളായ ബി.ജെ.പി എം.പി നിഷികാന്ത് ദുബെയും രമേഷ് ബിഥുരിയും പറയുന്നത്.

വിയോജനക്കുറിപ്പ് സമര്‍പ്പിക്കാന്‍ ഈ എം.പിമാര്‍ക്കുമേല്‍ പാര്‍ട്ടി സമ്മര്‍ദ്ദമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മുരളീ മനോഹര്‍ ജോഷിക്ക് വിയോജനക്കുറിപ്പു നല്‍കുകയെന്ന നിലപാടിനോട് യോജിപ്പില്ല. സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്റ്റിമേറ്റ് കമ്മിറ്റിപോലുള്ള ഫൈനാന്‍ഷ്യല്‍ കമ്മിറ്റികള്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്നതിനാല്‍ അതിനൊപ്പം വിയോജനക്കുറിപ്പ് ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.

കഴിഞ്ഞദിവസം പാനല്‍ അംഗങ്ങളുടെ യോഗം നടക്കുന്ന സമയത്ത് അതില്‍ അംഗമല്ലാതിരുന്ന ബി.ജെ.പി നേതാവ് വിജയ് ഗോയല്‍ അംഗങ്ങളായ പാര്‍ട്ടി എം.പിമാരോട് യോഗവേദിക്ക് പുറത്തുവെച്ച് സംസാരിക്കുന്നത് കണ്ടവരുണ്ട്. എം.പിമാരെ സ്വാധീനിക്കാന്‍ അമിത് ഷായുടെ ദൂതനായാണ് ഗോയല്‍ എത്തിയതെന്ന ആരോപണമാണ് ഉയരുന്നത്.

തൊഴില്‍ സൃഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകളെ മോദി സര്‍ക്കാര്‍ അവഗണിക്കുകയും ഇ.പി.എഫ്.ഒ കണക്കുകളെ ആശ്രയിക്കുകയും ചെയ്തിരുന്നു. ഇത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

Related posts