നടുറോഡില്‍ പാശ്ചാത്യരീതിയില്‍ വിവാഹാഭ്യാര്‍ഥന നടത്തുകയും ആലിംഗനബദ്ധരാവുകയും ചെയ്ത യുവതിയുവാക്കള്‍ക്ക് മതസദാചാര ഗുണ്ടകളുടെ ഭീഷണി…

loverഭിവാന്‍ഡി: പാശ്ചാത്യശൈലിയില്‍ വിവാഹാഭ്യര്‍ഥന നടത്തിയാല്‍ പോലും അത് സദാചാരവിരുദ്ധമാകുന്ന കാലമാണെന്നോര്‍മിപ്പിക്കുകയാണ് ഈ സംഭവം. പൊതുവഴിയില്‍ പാശ്ചാത്യരീതിയില്‍ മുട്ടിലിരുന്ന്  വിവാഹാഭ്യര്‍ഥന നടത്തുകയും പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്ത ഇസ്ലാംമതവിശ്വാസികളായ യുവതീയുവാക്കള്‍ക്കാണ് സദാചാര ഗുണ്ടകളുടെ ഭീഷണി നേരിടേണ്ടി വന്നത്. യുവതിയും യുവാവും പരസ്പരം ആലിംഗനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തായിരുന്നു ഭീഷണി. സമുദായ നേതാക്കളായ സദാചാരവാദികള്‍ സംഭവം ഏറ്റെടുത്തതോടെ യുവാവിന് മാപ്പു പറയേണ്ടി വന്നു.

യുവതീയുവാക്കള്‍ ആലിംഗന ബദ്ധരാകുന്ന വീഡിയോ വൈറലായതോടെ പല കോണുകളില്‍ നിന്നും ഭീഷണിയെത്തി. ഒടുവില്‍ പരസ്യമായി മാപ്പു പറയുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് യുവാവ് തടിയൂരിയത്.ഇരുവരുടെയും അനേകം സുഹൃത്തുക്കള്‍ നോക്കി നില്‍ക്കുമ്പോഴാണ് സിനിമാ സ്റ്റൈലില്‍ യുവാവ് തന്റെ പ്രണയിനിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ അതിത്ര പൊല്ലാപ്പാകുമെന്ന് കരുതിയില്ല. എന്നാല്‍  യുവതിയുടെ പിതാവ് താനെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം അപമാനങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ പറഞ്ഞതായി പിതാവ് പറഞ്ഞു.

ഇക്കഴിഞ്ഞ മാര്‍ച്ച് 11നായിരുന്നു സംഭവം. യുവാവ് സുഹൃത്തിനെയും കൂട്ടി പെണ്‍കുട്ടിയെ കാണാനായി അവളുടെ കോളജില്‍ എത്തുകയായിരുന്നു. വഴിയ്ക്കു വച്ചുതന്നെ  യുവതിയെ കണ്ടതോടെ കൈയ്യില്‍ കരുതിയ റോസാപ്പൂവെടുത്ത് മുട്ടുകുത്തി പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. അതിനുശേഷം ആലിംഗനം ചെയ്യുകയും ചെയ്തു.വിവാഹാഭ്യര്‍ത്ഥന ചുറ്റുമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആഹ്ളാദാരവത്തോടെയാണ് ഏറ്റെടുത്തതും. എന്നാല്‍ കാര്യങ്ങള്‍ മതസദാചാരക്കാര്‍ ഏറ്റെടുത്തതോടെ വേറെ തലത്തിലെത്തുകയായിരുന്നു. പെണ്‍കുട്ടി പഠിക്കുന്ന റാസ അക്കാദമി വിഷയത്തില്‍ മാപ്പു പറഞ്ഞിട്ടുണ്ട്. പൊതുമാപ്പ് പറയാന്‍ ഇരുവരോടും ആവശ്യപ്പെടുകയും ചെയ്തതായി അക്കാദമി പറഞ്ഞു. ഇരുവരെയും മാപ്പു പറയിക്കാന്‍ ഇവര്‍ക്കെതിരേ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച നാഷണല്‍ ലോക്ഹിന്ദ് പാര്‍ട്ടി, ട്രാഫിക് തടഞ്ഞതിന് ഇവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  പെണ്‍കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയത് ആരായാലും അവര്‍ക്കെതിരേ കേസെടുക്കുമെന്ന് പോലീസ് പറയുന്നു. വീഡിയോ ചിത്രീകരിച്ചവര്‍ക്കെതിരേയും കേസുണ്ട്.

Related posts