പാസ്റ്റര്‍ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവം ! ന്യൂസിലന്‍ഡിലെ ജോലിക്കായി മെഡിക്കല്‍ ടെസ്റ്റ് നടത്തി കാത്തിരുന്നത് നിരവധി ആളുകള്‍; ജയകുമാറിനെതിരേ കൂടുതല്‍ പരാതികള്‍…

ചിങ്ങവനം: പാസ്റ്റര്‍ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ ജയകുമാറിനെതിരേ കൂടുതല്‍ പരാതിയുമായി ആളുകള്‍ രംഗത്തെത്തി.

പള്ളം സ്വദേശികളായ മൂന്നു പേരില്‍ നിന്നായി ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ആറര ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്ത ജയകുമാറിനെതിരേ തിരുവല്ല, കട്ടപ്പന പോലീസ് സ്റ്റേഷനുകളിലാണ് മൂന്നു പരാതിക്കാര്‍ കൂടി എത്തിയത്.


പണം നല്കിയവരെല്ലാം എറണാകുളത്ത് മെഡിക്കല്‍ ടെസ്റ്റും കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കുന്നതിനിടെയാണ് സംഭവം തട്ടിപ്പ് ആണെന്ന് വിവരം ലഭിക്കുന്നത്.

ഇതിനിടയില്‍ പാസ്‌പോര്‍ട്ടും ഇയാള്‍ കൈവശപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ചിങ്ങവനം പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാളെ പത്തനംതിട്ടയിലെ ഒരു വീട്ടില്‍ നിന്നും ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ബാങ്ക് വഴിയും, നേരിട്ടുമാണ് ഇയാള്‍ പണം കൈവശപ്പെടുത്തിയത്. മൂന്ന് പാസ്‌പോര്‍ട്ടുകള്‍ ഇയാള്‍ താമസിച്ചിരുന്ന പത്തനംതിട്ടയിലെ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

Related posts

Leave a Comment