മകന്‍ കണ്‍മുന്നില്‍ വെന്ത് മരിക്കുന്നത് കാണാനാവാതെ മൂന്നുവയസുകാരനെ അമ്മ രണ്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് വലിച്ചെറിഞ്ഞു! പോറല്‍ പോലുമേല്‍ക്കാതെ കാത്ത്, ‘ദൈവത്തിന്റെ കരങ്ങള്‍’; അതിശയിപ്പിക്കുന്ന സംഭവം

സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞ് ആളിക്കത്തുന്ന തീയില്‍, സ്വന്തം കണ്‍ മുന്നില്‍ വച്ച് വെന്ത് മരിക്കുന്നത് കാണാന്‍ കെല്‍പ്പില്ലാതെ ഒരമ്മ ചെയ്ത കടുംകൈ പക്ഷേ ദൈവത്തിന്റെ ഇടപെടല്‍ മൂലം അനുഗ്രഹമായ സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

അജ്മാനിലെ നുഐമിയയിലുള്ള കെട്ടിടത്തിലാണ് ഞായറാഴ്ച അപ്രതീക്ഷിതമായി തീ പടര്‍ന്നു പിടിച്ചത്. ഏതൊരമ്മയേയും പോലെ താന്‍ മരിച്ചാലും കുഞ്ഞിനെ രക്ഷപെടുത്തണം എന്ന ചിന്തയോടെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ താമിസിച്ചുകൊണ്ടിരുന്ന സ്ത്രീ, സര്‍വദൈവങ്ങളെയും വിളിച്ച് കുഞ്ഞിനെ കെട്ടിടത്തില്‍ നിന്ന് താഴേയ്ക്ക് വലിച്ചെറിഞ്ഞു.

നൊന്തുപെറ്റ കുഞ്ഞ് കണ്‍മുന്നില്‍ വെന്തുമരിക്കുന്നത് കാണാന്‍ കെല്‍പ്പില്ലാതെയാണ് ആ അമ്മ അങ്ങനെ ചെയ്തത്. അമ്മയുടെ നെഞ്ച് പൊട്ടിയുള്ള പ്രാര്‍ത്ഥനയുടെ ഫലം കൊണ്ടാവാം, മൂന്ന് വയസുകാരനായ കുഞ്ഞ് വന്ന് വീണത്, സമീപവാസിയായ വ്യക്തിയുടെ കരങ്ങളിലേയ്ക്കായിരുന്നു.

പുക നിറഞ്ഞ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയ ഏഴംഗ കുടുംബത്തെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തി പിന്നീട് രക്ഷിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് മറ്റ് കെട്ടിടങ്ങളിലേയ്ക്ക് തീ പടരുന്നത് നിയന്ത്രിക്കാനും കഴിഞ്ഞു. വാഷിങ്മെഷീനില്‍ നിന്നുള്ള ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.

വെല്‍ഡിങ് തൊഴിലാളിയായ ബംഗ്ലാദേശ് പൗരനായ ഫാറൂഖ് ഇസ്ലാം നൂറുല്‍ ഹഖാണ് കുഞ്ഞിനെ രക്ഷിച്ചത്. തീപിടിച്ച ബഹുനില കെട്ടിടത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മ താഴേക്കിട്ടപ്പോള്‍ ഫാറൂഖ് ഇസ്ലാം ഒടിച്ചെന്ന് കുഞ്ഞിനെ പിടിക്കുകയായിരുന്നു. ദേഹത്ത് ഒരു തരി മണ്ണ് പോലും വീഴ്ത്താതെ കുട്ടയെ രക്ഷിച്ച ഫാറൂഖിനെ കഴിഞ്ഞ ദിവസം അജ്മാന്‍ സിവില്‍ ഡിഫന്‍സ് ആദരിക്കുകയും ചെയ്തു.

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ജനലിനടുത്ത് നിന്ന് അമ്മ അലമുറയിട്ട് കരയുന്നത് കേട്ടാണ് ഫാറൂഖ് ഓടിയെത്തിയത്. തന്റെ സുഹൃത്തിനെ കാണാന്‍ മറ്റൊരിടത്തേക്ക് പോകുകയായിരുന്നു ഇദ്ദേഹം. അപകട സ്ഥലത്ത് നിരവധി പേര്‍ ഉണ്ടായിരുന്നു. എന്നാല്‍ ആരും അവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ല. ഇതോടെ ഫാറൂഖ് യുവതി നില്‍ക്കുകയായിരുന്ന ജനലിന്റെ നേരെ താഴേക്ക് ചെന്നു നിന്നു.

ഫാറൂഖ് അമ്മയോട് കുഞ്ഞിനെ താഴേക്കിടാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിച്ച് അമ്മ കുട്ടിയെ താഴേക്ക് ഇട്ടു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല. എന്നാല്‍ പിന്നില്‍ നിന്ന ജനങ്ങള്‍ കൈയടിക്കുന്നത് കേട്ടപ്പോഴാണ് കുട്ടി രക്ഷപെട്ടുവെന്ന് മനസിലായത്. ദൈവത്തിന് നന്ദി പറയുന്നുവെന്നും ജീവിതത്തില്‍ ഒരു നല്ലകാര്യം ചെയ്തെന്ന അനുഭൂതിയാണ് തനിക്കുണ്ടായതെന്നും ഫാറൂഖ് പറഞ്ഞു.

Related posts