താരങ്ങളായ ധനുഷും മൃണാള്‍ താക്കൂറും തമ്മിലുളള പ്രണയവും വിവാഹ വാര്ത്തയുമൊക്കെയാണ് കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തില്‍ ഇവര്‍ വിവാഹിതരാകും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ആ ദിനവും ഒന്നും സംഭവിക്കാതെ കടന്നുപോയി.
ഒടുവില്‍ ഈ ഗോസിപ്പുകളോടു പ്രതികരിച്ച് മൃണാള്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നു. ഇത്തരം വാര്‍ത്തകളെ തമാശയോടെയാണ് താന്‍ കണ്ടതെന്ന്, ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മൃണാള്‍ പറഞ്ഞു. ശരിയായ സമയത്ത് തന്റെ പങ്കാളിയെ കണ്ടെത്തുമെന്നും പത്ത് കോടി ചെലവാക്കിയാലും എനിക്കിത്ര പബ്ലിസിറ്റി കിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഗോസിപ്പുകള്‍ പടച്ചുവിട്ടവര്‍ക്ക് നടി നന്ദിയും പറഞ്ഞു.
അവരുടെ കണക്കുകൂട്ടലില്‍ എന്റെ കല്യാണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ശരിയായ സമയത്ത് എന്റെ പങ്കാളിയെ ഞാൻ കണ്ടെത്തും. ഇതുവരെ എനിക്ക് ഒരു പിആര്‍ ടീം ഇല്ലായിരുന്നു. എന്റെ മേൽവിലാസം വരെ പ്രചരിച്ചതോടെ കാര്യങ്ങൾ നിയന്ത്രിക്കാൻ എനിക്കൊരു ടീമിനെ നിയമിക്കേണ്ടി വന്നു. എന്നെത്തന്നെ സംരക്ഷിക്കാനാണ് ഞാൻ അതു ചെയ്തത്. ഞാൻ മൂന്നു കോടിയോ, ആറു കോടിയോ, പത്തു കോടിയോ ചിലവാക്കിയാൽ പോലും എനിക്ക് ഇത്രയും വലിയ പബ്ലിസിറ്റി ലഭിക്കില്ലെന്ന് ഞാൻ മനസിലാക്കി. അതുകൊണ്ട് ഈ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച എല്ലാവർക്കും വലിയ നന്ദി- മൃണാൾ പറഞ്ഞു.
മൃണാള്‍ നായികയായ സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ പ്രീമിയറില്‍ നിന്നുള്ള ധനുഷും മൃണാളും അടുത്തിടപഴകുന്ന ഒരു വീഡിയോയാണ് ഗോസിപ്പുകളുടെ തുടക്കം. എന്നാല്‍ ധനുഷ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകളോടു താരം പ്രതികരിച്ചത്.
മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. പിന്നീട് ധനുഷ് നായകനായ തേരെ ഇഷ്ക് മേമിന്റെ സക്സസ് പാര്‍ട്ടിയിലും മൃണാള്‍ അതിഥിയായി എത്തിയിരുന്നു. ഇതും ഗോസിപ്പിന് ആക്കം കൂട്ടിയിരുന്നു.
