കോട്ടയം: മരണക്കെണിയൊരുക്കി നഗരത്തിലെ ഫുട്പാത്തുകളിലെ സ്ലാബുകള്‍ തകര്‍ന്ന നിലയില്‍. തൊടുപുഴയില്‍ യുവാവിനു ജീവന് നഷ്ടമായിട്ടും അപകട ഭീഷണി ഉയര്‍ത്തുന്ന വാ പിളര്‍ന്ന ഓടകള്‍ മൂടുവാനോ സ്ലാബുകള്‍ നേരെയിടുവാനോ അധികൃതര്‍ തയാറായിട്ടില്ല.
കോട്ടയം നഗരത്തില്‍ നാഗമ്പടം, തിരുനക്കര, സെന്‍ട്രല്‍ ജംഗ്ഷന് പ്രദേശങ്ങളിലാണ് സ്ലാബുകള്‍ തകര്‍ന്ന് വാ പിളര്‍ന്ന ഓടകള്‍. ഇവിടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. നാഗമ്പടം മേല്‍പാലത്തിലും സമീപത്തുമുള്ള ഫുട്പാത്തുകളില്‍ സ്ലാബുകള്‍ ഏതാണ്ട് മുഴുവന്‍ തകര്‍ന്നിരിക്കുകയാണ്.
കോട്ടയത്തേക്ക് വരുന്ന ബസുകള്‍ നിര്‍ത്തുന്ന വെയിറ്റിംഗ് ഷെഡിനോടു ചേര്‍ന്ന് ഫുട്പാത്തില്‍ സ്ലാബ് തകര്‍ന്നു ഒരു ഭാഗം ഓടയില്‍ വീണു കിടക്കുകയാണ്. വെയിറ്റിംഗ് ഷെഡില്‍ ബസ് കാത്തു നില്ക്കുന്ന യാത്രക്കാര്‍ അല്പമൊന്നു ശ്രദ്ധ തെറ്റിയാല്‍ ഓടയില്‍ വീഴുന്ന അവസ്ഥയിലാണ്. രാത്രികാലത്ത് ഇവിടെ വെളിച്ചമില്ല.
രാത്രിയില്‍ ഇവിടെ വന്നിറങ്ങി ഫുട്പാത്തിലൂടെ നടന്നു പോകുന്നവര്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. നിരവധിപേരുടെ കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. പ്രായമായവരും കണ്ണിനു കാഴ്ച കുറവുള്ളവരുമാണ് അപകടത്തില്‍പെടുന്നവരിലേറെയും.
ഫുട്പാത്തിലെ തകര്‍ന്ന സ്ലാബുകള്‍ നേരെയാക്കി കാല്‍നട യാത്ര സുഗമമാക്കാന്‍ നഗരസഭയും പൊതുമരാമത്ത് വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. തിരുനക്കരയിലും സെന്‍ട്രല്‍ ജംഗ്ഷനിലും റോഡിനോടു ഫുട്പാത്തിന്റെ ഭാഗങ്ങളും അപകടക്കെണിയാണ്.
കോടിമത ചന്തയ്ക്കു സമീപമുള്ള റോഡരികില്‍ അഴുക്കു ചാലുകള്‍ തുറന്ന നിലയിലാണുള്ളത്. അപകടസൂചകമായ ഒരു ബോര്‍ഡ് പോലും അതിനു സമീപമില്ല രാത്രിയില്‍ ഈ വഴി വരുന്ന വാഹനങ്ങള്‍ ശ്രദ്ധിച്ചു യാത്ര ചെയ്തില്ലെങ്കില്‍ നേരെ ചെന്നു വീഴുന്നത് അഴുക്കു ചാലിലേക്കാകും.
യാത്രക്കാര്‍ക്കു കെണിയാകുന്ന കുഴികള്‍ പൊതുജനങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയിട്ടും മാധ്യമങ്ങള്‍ പല തവണ വാര്‍ത്തയാക്കിയിട്ടും ഈ വിഷയത്തില്‍ അധികാരികള്‍ മൗനം പാലിക്കുകയാണ്. നവീകരണ പദ്ധതികള്‍ക്കും റോഡു നന്നാക്കല്‍ പദ്ധതികള്‍ക്കും ആവേശത്തോടെ മുന്‍കൈയെടുക്കുന്ന അധികാരികള്‍ പലപ്പോഴും ജോലികള്‍ പാതി വഴിയില്‍ ഉപേക്ഷിക്കുകയാണ്.
